തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയെ കൂടുതല്‍ പ്രതിരോധത്തിലാക്കി പോലീസിന് വോയ്സ് ലോഗറുകള്‍ വാങ്ങിയതിലും ക്രമക്കേട് ആരോപണം. ക്രമക്കേട് നടന്നെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യം കരാര്‍ നല്കിയ തേഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ഒഴിവാക്കി ലോ അബൈഡിങ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന് കരാര്‍ നല്കിയതു വ്യവസ്ഥകളൊന്നും പാലിക്കാതെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നില്‍ ബെഹ്റയുടെ കൈയുണ്ടെന്ന് സിഐജി പേര് എടുത്ത് പരാമര്‍ശിക്കാതെ പറയുന്നുണ്ട് താനും.
വോയ്സ് ലോഗറുകള്‍ വാങ്ങാന്‍ 90 ലക്ഷത്തിന്റെ അനുമതി ഉണ്ടെന്നും അതു സംഭരിച്ചു നല്‍കണമെന്നും പോലീസ് കെല്‍ട്രോണിനെ അറിയിച്ചത് 2015 ജനുവരിയിലാണ്. യൂണിറ്റിന് 3.07 ലക്ഷംവച്ച് അഞ്ചു യൂണിറ്റുകള്‍ നല്‍കാമെന്ന് കെല്‍ട്രോണ്‍ മറുപടിയും നല്കി. 10 യൂണിറ്റുകള്‍ 30 ലക്ഷത്തിന് നല്കാന് പോലീസ് കരാറില്‍ ഏര്‍പ്പെട്ടു. അന്ന് ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യമായിരുന്നു. എന്നാല്‍ ഇതിനുള്ള പ്രതിഫലം 2016 സപ്തംബറില്‍ നല്കുമ്പോള് ഡിജിപി സ്ഥാനത്ത് ലോക്നാഥ് ബെഹ്റയാണ്.
തേര്‍ഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷന് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍നിന്നും യൂണിറ്റിന് 2.60 ലക്ഷം നിരക്കില്‍ 30 ലോഗറുകള്‍ വിതരണം ചെയ്യാനുള്ള ക്വട്ടേഷന്‍ കെല്‍ട്രോണ്‍ 2015 ഫെബ്രുവരി 27ന് കരസ്ഥമാക്കിയിരുന്നു. യൂണിറ്റിന് 2.07 ലക്ഷത്തിന് നല്‍കാമെന്ന പുതുക്കിയ നിര്‍ദേശം ഈ കമ്പനിയില്‍ നിന്ന് പിന്നീട് കെല്‍ട്രോണിനു ലഭിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വോയ്സ് ലോഗറുകള്‍ 3.07 ലക്ഷത്തിന് നല്‍കാമെന്ന് കെല്‍ട്രോണ്‍ സമ്മതിച്ചത്.
ലോ അബൈഡിങ് ടെക്നോളജീസ് (എല്‍എടി) എന്ന കമ്പനിയില്‍നിന്ന് 1.72 ലക്ഷം രൂപയ്ക്ക് വോയ്സ് ലോഗറുകള്‍ ലഭിക്കുമെന്ന് അന്നത്തെ പോലീസ് നവീകരണത്തിന്റെ ചുമതലയുള്ള എഡിജിപി കെല്‍ട്രോണിനെ അറിയിച്ചു. കെല്‍ട്രോണ്‍ പറഞ്ഞ യൂണിറ്റിന് മൂന്നു ലക്ഷമെന്ന നിരക്ക് വിപണിവിലയേക്കാള്‍ കൂടുതലായതിനാല്‍ സ്വീകാര്യമല്ലെന്നും അറിയിച്ചു.
ന്യായമായ നിരക്ക് നിര്‍ദേശിച്ചില്ലെങ്കില്‍ നിയന്ത്രിത ടെന്‍ഡറിലേക്കു പോകുമെന്ന് ഇതേദിവസം തന്നെ ഡിജിപിയും കെല്‍ട്രോണിനെ അറിയിച്ചു. ഈ കത്തു കിട്ടിയശേഷം കെല്‍ട്രോണ്‍ തേഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷന് എന്ന കമ്പനിയെ ഉപേക്ഷിച്ചു. അവരില്‍നിന്ന് കുറഞ്ഞ നിരക്കുകള്‍ ലഭിക്കുന്നതിനും ശ്രമിച്ചില്ല. പിന്നീട് എല്‍എടിയില്‍നിന്ന് യൂണിറ്റിന് മൂന്നു ലക്ഷം രൂപയ്ക്ക് 10 യൂണിറ്റുകള്‍ വാങ്ങി.
നടപടിക്രമങ്ങള്‍ പാലിച്ചാലേ പണം നല്‍കാവൂ എന്ന വ്യവസ്ഥ ലംഘിച്ചിട്ടും ഡിജിപി കെല്‍ട്രോണിന് പണം നല്‍കിയെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. നിരീക്ഷണ ഉപകരണമായതിനാല്‍ രഹസ്യം സൂക്ഷിക്കാനാണ് ടെന്‍ഡര്‍ വിളിക്കാത്തതെന്ന പോലീസിന്റെ വാദം നിലനില്‍ക്കില്ല.
വോയ്സ് ലോഗറിന്റെ സംഭരണം നിയന്ത്രിത ടെന്‍ഡര്‍ വഴി വേണമെന്നും കെല്‍ട്രോണിന്റെ നിരക്ക് കൂടുതലാണെന്നും അറിയാമായിട്ടും സംഭരണം കെല്‍ട്രോണ്‍ വഴി മതി എന്ന് ഡിജിപി തീരുമാനിച്ചത് സംശയകരമായ ഉദ്ദേശ്യങ്ങളെ കാണിക്കുന്നെന്നും റിപ്പോര്‍ട്ട് ബെഹ്റയെ വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: