എം.കെ. കുഞ്ഞോലിനെ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ പൊന്നാട ചാര്‍ത്തി ആദരിക്കുന്നു
പെരുമ്പാവൂര്‍: രാഷ്‌ട്രം പദ്മശ്രീ നല്‍കി ആദരിച്ച അധഃസ്ഥിത സമരനായകന്‍ എം.കെ. കുഞ്ഞോലിന് സേവാഭാരതി പുതിയ വീട് നിര്‍മിച്ചു നല്‍കും. കുഞ്ഞോല്‍ മാഷിനെ അഭിനന്ദിക്കാന്‍ ഇന്നലെ കുറുപ്പംപടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോനാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ ശോചനീയാവസ്ഥയിലുള്ള വീട് പൂര്‍ണമായി നിര്‍മിച്ചു നല്‍കാനാണ് തീരുമാനം.
പതിറ്റാണ്ടുകളായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എം.കെ. കുഞ്ഞോല്‍ ഹിന്ദുഐക്യവേദിയുടെ സംസ്ഥാന രക്ഷാധികാരിയും, സാമൂഹ്യ നീതി കര്‍മസമിതിയുടെ മാര്‍ഗദര്‍ശിയുമാണ്. പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന സേവാഭാരതിയുടെ തീരുമാനം സന്തോഷകരമാണെന്നും, മുന്‍പ് പലതവണ സേവാഭാരതി തനിക്ക് സഹായ ഹസ്തം നീട്ടിയിട്ടുണ്ടെന്നും കുഞ്ഞോല്‍ മാഷ് അനുസ്മരിച്ചു.
സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ബി. ശങ്കരന്‍, ഭൂ അവകാശ സംരക്ഷണസമിതി സംസ്ഥാന സംയോജകന്‍ എസ്. രാമനുണ്ണി, കുരുക്ഷേത്ര പ്രകാശന്‍ എംഡി സി.കെ. രാധാകൃഷ്ണന്‍, സേവാഭാരതി ജില്ലാ സെക്രട്ടറി മണികണ്ഠന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശിവന്‍, ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് ആര്‍. രാജേഷ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.ജി. സജീവ്, ജില്ലാ പ്രചാരക് രഞ്ചുകുമാര്‍ തുടങ്ങിയവര്‍ വസതിയിലെത്തി എം.കെ. കുഞ്ഞോലിനെ പൊന്നാട ചാര്‍ത്തി ആദരിച്ചു.
















