ന്യൂദല്‍ഹി: കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ കോര്‍പ്പറേഷന്‍ വിത്ത് യുനെസ്‌കോ(ഐഎന്‍സിസിയു) മാധ്യമ കമ്മീഷന്‍ അംഗമായി ജന്മഭൂമി ദല്‍ഹി ചീഫ് റിപ്പോര്‍ട്ടര്‍ എസ്. സന്ദീപിനെ തെരഞ്ഞെടുത്തു.
രണ്ടുവര്‍ഷമാണ് കാലാവധി. യുനെസ്‌കോയുടെ വിവിധ പരിപാടികളുടെ ഏകോപനം, യുനെസ്‌കോയുടെ പരിശീലക സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കല്‍. മറ്റു സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കല്‍, യുനെസ്‌കോയ്‌ക്ക് വേണ്ട റേഡിയോ, ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാണം തുടങ്ങിയവയാണ് സമിതിയുടെ ചുമതലകള്‍.
നീലൂ രഞ്ജന്‍ (ദൈനിക് ജാഗരണ്‍), സഞ്ജീവ് ചോപ്ര (പിടിഐ), സ്മൃതി കക് രാമചന്ദ്രന്‍ (ഹിന്ദുസ്ഥാന്‍ ടൈംസ്), അനൂപ് ശര്‍മ്മ (ഹിന്ദുസ്ഥാന്‍ സമാചാര്‍), കിഞ്ചല്‍ മിശ്ര (ടിവി9 ഗുജറാത്ത്), ജഗദീഷ് ഉപാസന, തെക്ചന്ദ് സോനാവനെ (ലോക്‌മത്), മനോജ് മേനോന്‍ (മാതൃഭൂമി), പ്രേരണ കത്യാര്‍ (എക്കണോമിക് ടൈംസ്) എന്നിവരാണ് മറ്റംഗങ്ങള്‍. കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി, പിഐബി, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, ഫിലിം ഇന്‍സ്റ്റിട്യൂട്ട്, ഐഐഎംസി ഡയറക്ടര്‍ ജനറല്‍മാരും സമിതിയിലെ അംഗങ്ങളാണ്.
















