കഴക്കൂട്ടം/തിരുവനന്തപുരം: മണ്ണിലിഴഞ്ഞ, പിച്ചവച്ച് ഓടിക്കളിച്ച സ്ഥലം. കുസൃതികള്‍ കാട്ടി കളിച്ചും ചിരിച്ചും ചാടിയും നടന്ന കളിമുറ്റം. ഊഞ്ഞാലാടിയും പന്തു കളിച്ചും കഴിഞ്ഞ ദിവസം വരെ കുരുന്നുകളുടെ കളിസ്ഥലം. ഇനി അവിടെ കളിക്കാന്‍ കുസൃതിക്കാരില്ല. അവിടം ഇന്ന് അന്ത്യവിശ്രമ സ്ഥലമാകും. മൂവര്‍ക്കും കാവലായി ഇരുവശവും നിശബ്ദരായി അച്ഛനും അമ്മയും.
നേപ്പാള്‍ ദമാനിലെ റിസോര്‍ട്ടില്‍ ഗ്യാസ് ഫില്‍റ്ററില്‍ നിന്നുള്ള വിഷവായു ശ്വസിച്ച് മുറിക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ച ചേങ്കോട്ടുകോണം അയ്യന്‍ കോയിക്കല്‍ രോഹിണി ഭവനില്‍ പ്രവീണ്‍ കെ. നായര്‍ക്കും ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവര്‍ക്കുമാണ് കുടുംബ വീടായ രോഹിണി ഭവനില്‍ അന്ത്യവിശ്രമം ഒരുക്കുന്നത്.
അടുത്തടുത്ത കുഴിമാടങ്ങളിലായാണ് അന്ത്യവിശ്രമം ഒരുക്കുന്നത്. ജീവിതയാത്രയിലും മരണത്തിലും അന്ത്യവിശ്രമത്തിലും ഒരുമിച്ച് യാത്രയായവര്‍ക്ക് നെഞ്ച്‌പൊട്ടുന്ന വേദനയോടെ അന്ത്യകര്‍മ്മങ്ങള്‍ ഒരുക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
അഞ്ച് പേരുടെയും മൃതശരീരങ്ങള്‍ അടുത്തടുത്തുള്ള മൂന്ന് കുഴികളിലായാണ് സംസ്‌ക്കരിക്കുക. ആദ്യം പ്രവീണ്‍ കെ. നായരുടെയും രണ്ടാമതായി കുട്ടികളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെയും മൂന്നാമത്തെ കുഴിയില്‍ ശരണ്യയെയും സംസ്‌ക്കരിക്കും
അച്ചനും അമ്മയ്‌ക്കും നടുവിലായാണ് മൂന്ന് കുരുന്നുകളെയും ഒരു കുഴിയില്‍ സംസ്‌ക്കരിക്കുക. പ്രവീണിന്റെയും ശരണ്യയുടെയും മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയും കുട്ടികളെ പെട്ടികളില്‍ അടക്കം ചെയ്യുകയും ചെയ്യും. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങള്‍ വിലാപയാത്രയായി രോഹിണി ഭവനില്‍ എത്തിക്കും. തുടര്‍ന്നായിരിക്കും സംസ്‌ക്കാരങ്ങള്‍.
















