ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കി രംഗത്തുവരുന്നത്.
നിയമം നടപ്പാക്കില്ലെന്ന കേരളം, ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളുടെ പ്രഖ്യാപനത്തിനെതിരെയാണ് മിക്ക നേതാക്കളും പ്രതികരിച്ചത്. കപില്‍ സിബല്‍, സല്മാന് ഖുര്‍ഷിദ് എന്നിവര്‍ക്കു പുറമേ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയും പ്രഖ്യാപനത്തിനെതിരെ പ്രതികരിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാനാവില്ലെന്ന് ഹൂഡ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍, നടപ്പാക്കില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാന്‍ കഴിയില്ല. പറയാന്‍ സാധിക്കുകയുമില്ല. അതാണ് ഭരണഘടനാപരമായ കാഴ്ചപ്പാട്. എന്നാല്‍ അതിന്റെ നിയമപരമായ സാധുത പരിശോധിക്കാം, അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് കോഴിക്കോട്ടു നടന്ന പരിപാടിയില്‍ പങ്കെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞിരുന്നു. മാത്രമല്ല അങ്ങനെ പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രഖ്യാപനങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിബലിനെ സല്മാന് ഖുര്‍ഷിദും അനുകൂലിച്ചു.
നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കുകയും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. തന്നെ അറിയിക്കാതെ ഹര്‍ജി നല്‍കിയതിനെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രൂക്ഷമായി പ്രതികരിക്കുകയും ചീഫ് സെക്രട്ടറിയോട് അടിയന്തരമായി വിശദീകരണം തേടുകയും ചെയ്തിരുന്നു. റൂള്‍ ഓഫ് ബിസിനസ് ലംഘിച്ചാണ് തന്നെ അറിയിക്കാതെ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരമൊരു നിയമം വേണമെന്ന് 2003ല്‍ അന്നത്തെ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയോട് ആവശ്യപ്പെട്ടത് ഡോ. മന്മോഹന് സിങ്ങായിരുന്നു. നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് കോലാഹലമുണ്ടാക്കുന്നുണ്ടെങ്കിലും അദ്ദേഹം മിണ്ടിയിട്ടില്ല.
















