വടക്കന്‍ പസഫിക് സമുദ്രത്തിന്റെ ഒഴിഞ്ഞ കോണില്‍ ഒരുപിടി പവിഴ ദ്വീപുകളുണ്ട്. പേര് മാര്‍ഷല്‍ ദ്വീപുകള്‍. വിസ്തീര്‍ണം 181 ച.കി.മീ. മാത്രം. അക്കൂട്ടത്തിലെ ഇത്തിരിക്കുഞ്ഞനാണ് ബിക്നി. കൃഷിയും മീന്‍പിടിത്തവുമൊക്കെയായി അരിഷ്ടിച്ചു കഴിഞ്ഞ ഒരുപിടി പാവം മനുഷ്യരുടെ നാടാണത്. തേങ്ങയും ശീമച്ചക്കയും തക്കാളിയുമൊക്കെയായിരുന്നു അവരുടെ കൃഷികള്‍. പവിഴ ദ്വീപിനുള്ളിലെ തടാകത്തിലെ സ്വാദേറിയ മത്സ്യങ്ങളും.
അങ്ങനെയിരിക്കെ 1946 ഫെബ്രുവരിയിലെ ഒരു ഞായറാഴ്ച അവരെത്തേടി ഒരു അതിഥിയെത്തി. മാര്‍ഷല്‍ ദ്വീപിന്റെ മിലിറ്ററി ഗവര്‍ണറായ കമാന്റര്‍ ബെന്ചാറ്റ്. ലോക ജനതയെ മഹായുദ്ധങ്ങളില്നിന്ന് മോചിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ക്കുള്ള വേദിയായി ബിക്നിയെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുത്തതായി അദ്ദേഹം അവരെ അറിയിച്ചു. ഇതൊരു ദൈവ നിയോഗമാണെന്നും, തമ്പുരാനെ കരുതി സഹകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ബിക്നി രാജാവ് ജൂഡോയ്ക്ക് സമ്മതിച്ചുകൊടുക്കാന്‍ മാത്രമായിരുന്നു വഴി. നിസ്സഹായനായി അദ്ദേഹം തലകുനിച്ചു.
കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ കപ്പലുകളെത്തി. ദ്വീപുവാസികളായ 167 പേരെയും കയറ്റി അവ ആള്‍ത്താമസമില്ലാത്ത റോങ്ങറിക് ദ്വീപിലേക്ക് കുതിച്ചു. ബിക്നിയില്‍ നിന്ന് 125 മൈല്‍ അകലെ വെള്ളവും വെളിച്ചവും ഭക്ഷണവും ആള്ത്താമസവുമില്ലാത്ത റോങ്ങറിക് ദ്വീപില്‍ അവരെ കാത്ത് അമേരിക്കയുടെ ഭക്ഷണപ്പൊതികളും കുപ്പിവെള്ളവും ഉണ്ടായിരുന്നു.
ബിക്നിക്കാര് നാടുവിടേണ്ട താമസം ‘ലോക സമാധാനത്തിനായുള്ള ആണവ പരീക്ഷണങ്ങള്‍’ അമേരിക്ക ആരംഭിച്ചു. ജൂലൈ മാസത്തില്‍ത്തന്നെ ആദ്യ സ്ഫോടനം. രഹസ്യനാമം ‘ഓപ്പറേഷന് ക്രോസ് റോഡ്സ്.’ യുദ്ധക്കപ്പലുകളില്‍ അണുബോംബിന്റെ പ്രഹര ശേഷി അളക്കുന്നതിന് 25000 ഉപകരണങ്ങളാണ് ബിക്നി കടലില്‍ അമേരിക്ക സജ്ജീകരിച്ചത്. വികിരണ തോത് പഠിക്കുന്നതിന് പന്നി, ഗിനിപ്പന്നി, എലി, ആട് തുടങ്ങിയ മൃഗങ്ങള്‍. സജ്ജീകരണം കുറ്റമറ്റതാക്കുന്നതിന് അര ലക്ഷത്തോളം മിലിറ്ററി ഉദ്യോഗസ്ഥര്‍. ഏതാണ്ട് 15 മെഗാ ടണ്‍ പ്രഹരശേഷിയുള്ള ആ അണുബോംബ് കൃത്യമായി പൊട്ടി. കാതടപ്പിക്കുന്ന സ്ഫോടനവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും കാഴ്ച മറയ്ക്കുന്ന പുകച്ചുരുളുകളും പവിഴ ദ്വീപിനെ പ്രകമ്പനം കൊള്ളിച്ചു. സ്ഫോടന വെളിച്ചം 2600 മൈല്‍ അകലെ ‘ഒക്കിനാവ’യില്‍ വരെ ദൃശ്യമായത്രേ. പരീക്ഷണത്തിന് ഒരുക്കി നിര്‍ത്തിയ കപ്പലുകളില്‍ പത്തെണ്ണം തിരയടിച്ച് മുങ്ങിത്താഴ്ന്നു. അതോടെ ബിക്നിയില്‍ ആണവ മാലിന്യം നിറഞ്ഞു. പ്രധാനമായും സീസിയം-137. മണ്ണില്‍ വളരുന്ന സസ്യലതാദികളുടെ ഉള്ളില്‍ കയറി അവയെ വിഷസസ്യങ്ങളാക്കുന്ന മൂലകം.
അതിനിടെ റോങ്ങറിക് ദ്വീപിലെ അഭയാര്‍ത്ഥികളെ ശ്രദ്ധിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അവിടെ പട്ടിണിയും പരിവട്ടവും മുഴുത്തു. പട്ടിണി മരണം ഒഴിവാക്കാനായി ആ പാവങ്ങളെ റോങ്ങറിക് ദ്വീപില്‍ നിന്നു മാറ്റാന്‍ നീക്കം തുടങ്ങി. ഒടുവില്‍ അവരെത്തിയത് കേവലം 200 ഏക്കര്‍ വിസ്തൃതിയുള്ള ‘കിലി’ ദ്വീപില്‍. മത്സ്യം പിടിക്കാന്‍ സഹായകരമായ പവിഴതടാകങ്ങള് ഇല്ലാത്ത കിലിയില്‍ വിളകള്‍ കൃഷിയിറക്കാന്‍ സൗകര്യം ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെ ദ്വീപില്‍ ഇരച്ചുകയറുന്ന തിരമാലകള്‍ കിണറുകളില്‍ ഉപ്പുവെള്ളം നിറച്ചു. ഏതാനും വര്‍ഷം കഴിഞ്ഞ് 1956 ല്‍ കുറെ ബിക്നിക്കാരെ ‘ജലൂറ്റ്’ ദ്വീപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
1954ല്‍ അമേരിക്ക ബിക്നിയില്‍ അടുത്ത കടുംകൈ പ്രയോഗിച്ചു. തങ്ങളുടെ ഏറ്റവും ശക്തമായ ഹൈഡ്രജന്‍ ബോംബ് മാര്‍ച്ച് ഒന്നിന് ബിക്നിയില്‍ പൊട്ടിച്ചു. ടണ്‍ കണക്കിന് മണ്ണും പാറയും കടല്‍ജീവികളും സസ്യലതാദികളുമെല്ലാം ആകാശത്തേക്ക് കുതിച്ചുയര്‍ന്നു. അലമാലകള്‍ ആകാശത്തോളമുയര്‍ന്നു. അടുത്തുള്ള ചെറുദ്വീപുകള്‍ സ്ഫോടനത്തില്‍ കുലുങ്ങി വിറച്ചു. ആകാശത്തുനിന്ന് പെയ്ത മാലിന്യ ചാരം വീണ അയല്ദ്വീപിലെ കുട്ടികള്‍ക്ക് പേരറിയാത്ത ഒരുപാട് അസുഖങ്ങള്‍ പിടിച്ചു. ഛര്‍ദിലും വയറിളക്കവും തലമുടി കൊഴിയലുമൊക്കെ. നാഗസാക്കിയിലും ഹിരോഷിമയിലും പൊട്ടിച്ച ബോംബുകളുടെ ആയിരം ഇരട്ടി കരുത്തായിരുന്നു 1954-ല്‍ പൊട്ടിയ ആ ഹൈഡ്രജന്‍ ബോംബിന്. പവിഴപ്പുറ്റുകളെ പ്രകമ്പനം കൊള്ളിച്ച 23 അണുബോംബ് സ്ഫോടനങ്ങള്‍ക്കുശേഷം 1958 ല്‍ ബിക്നിയിലെ പരീക്ഷണങ്ങള്‍ അമേരിക്ക അവസാനിപ്പിച്ചു.
ദ്വീപിലെ മാലിന്യങ്ങള്‍ പഠിക്കാന്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടന്നു. 1968-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ലിണ്ടന്‍ ജോണ്സണ് ദ്വീപുവാസികളെ മടക്കി വിളിച്ചു. ‘എല്ലാം ഭദ്രം’ എന്ന് ഉറപ്പും നല്കി. ആണവമാലിന്യം തുടച്ചുമാറ്റിയതായി അമേരിക്കയിലെ ആണവോര്‍ജ കമ്മീഷന് പ്രഖ്യാപനവും നടത്തി. പക്ഷേ സത്യം അതായിരുന്നില്ല. ദ്വീപിലെ മണ്ണില്‍ ഗാമാ വികിരണത്തിന്റെ തോത് അസഹനീയമാംവണ്ണം ഉയര്‍ന്നിരുന്നു. സമസ്ത സസ്യ ലതാദികളെയും വികിരണം ബാധിച്ചിരുന്നു. ഞണ്ടുകളിലും മത്സ്യങ്ങളിലും റേഡിയേഷന് മാലിന്യം. കിണര്‍ വെള്ളത്തില്‍ റേഡിയേഷന്. അവിടെ ഏതാനും നാള് താമസിച്ചവരില്‍ അപകടകാരിയായ സീസിയം-137 മൂലകത്തിന്റെ സാന്നിധ്യം അനുവദനീയ അളവിന്റെ 13 ഇരട്ടി. മണ്ണിലെ പൊട്ടാസ്യത്തിന്റെ സ്ഥാനത്ത് സീസിയം നിറഞ്ഞതോടെ ചെടികള്‍ ആ മൂലകത്തെ വലിച്ചു കയറ്റി വിഷസസ്യങ്ങളായി മാറി. ബിക്നിയിലെ തേങ്ങാവെള്ളത്തില്‍ പോലും സീസിയത്തിന്റെ സാന്നിധ്യം കണ്ടെത്തി. സമീപ ദ്വീപുകളില്‍ പോലും കാന്‍സറും തൈറോയ്ഡ് രോഗങ്ങളും ഗര്ഭച്ഛിദ്രങ്ങളും നിത്യ സംഭവമായി മാറി.
ഒരിക്കല്‍ കൂടി അമേരിക്ക ദ്വീപു വാസികളെ കിലി ദ്വീപിലേക്ക് ആട്ടിത്തെളിച്ചു. 1975-ല്‍ കുറെപ്പേര് വീണ്ടും മടങ്ങിയെത്തി. പക്ഷേ ആപത്തുകള്‍ മാത്രമായിരുന്നു അവരെ കാത്തിരുന്നത്. ബിക്നിയിലെ ദുരിത യുഗത്തെ ആണവ യുഗത്തിന്റെ ഉദയ മുദ്രയായി പരിഗണിച്ച് യുനെസ്കോ 2010 ല്‍ ബിക്നിയെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.
ഇന്നും ബിക്നി നിവാസികള്‍ പ്രവാസികളാണ്. വീടും കൂടും പൈതൃകവും സംസ്കാരവും എവിടെയോ കൈമോശം വന്നവര്‍. ആദ്യ ബിക്നിക്കാരായ 167 പേരും കാലയവനികയില്‍ മറഞ്ഞു. പുതുതലമുറയില്‍ ഭൂരിഭാഗവും ‘കിലി’യില്‍ത്തന്നെ താമസം. കുറെ പേര് അമേരിക്കയില്‍. ദ്വീപ് സുരക്ഷിതമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മണ്ണും മീനും ചെടിയും കീടങ്ങളുമൊക്കെ സുരക്ഷിതര്‍. പക്ഷേ ബിക്നിയിലെ ‘പ്ലൂട്ടോണിയം’ റേഡിയേഷന് നില ഫുകുഷിമയില്‍ കാണുന്നതിന്റെ ആയിരമിരട്ടിയെന്ന് പഠനങ്ങള്‍. എങ്കിലും താമസം സാധ്യമെന്നാണ് കൊളമ്പിയ സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നത്. പക്ഷേ ബിക്നിയില്‍ സ്ഥിര താമസക്കാര്‍ ആരുമില്ല. ഉള്ളത് അര ഡസന്‍ കെയര്‍ടേക്കര്‍മാരും ഇടയ്ക്കിടെയെത്തുന്ന ശാസ്ത്രജ്ഞരും പവിഴക്കടലില് ഊളയിടാനെത്തുന്ന വിനോദ സഞ്ചാരികളും മാത്രം. എല്ലാറ്റിനും മൂകസാക്ഷിയായി നില്ക്കുന്ന ബിക്നി ദ്വീപിലെ ഇരുണ്ട പച്ചപ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: