മുംബൈ: ഒന്നിച്ചു ഭരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ വൃത്തികെട്ട ചരിത്രങ്ങള്‍ ഒന്നൊന്നായി തുറന്നു പറഞ്ഞ് ശിവസേന. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി മുംബൈയില്‍ അക്കാലത്തെ കുപ്രസിദ്ധ അധോലോക കുറ്റവാളി കരിം ലാലയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നു വെളിപ്പെടുത്തി ശിവസേനാ നേതാവ് സഞ്ജയ് റാവത്താണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. കോണ്‍ഗ്രസ് നേതാക്കളും റാവത്തും തമ്മില്‍ പ്രശ്നത്തില്‍ രൂക്ഷമായ വാഗ്വാദമാണുണ്ടായത്.
കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാന്‍ പണം നല്‍കിയിരുന്നത് അധോലോക സംഘങ്ങളാണോ എന്ന ചോദ്യം ഉന്നയിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രംഗത്തു വന്നു. എന്നാല്‍ മുന്നാ യാദവ് എന്നയാളെ മുഖ്യമന്ത്രിയായിരിക്കെ ഫഡ്നാവിസ് സന്ദര്‍ശിച്ചിട്ടുണ്ട് എന്ന മറുവാദം ഉന്നയിച്ചതല്ലാതെ സഞ്ജയ് റാവത്ത് പറഞ്ഞതു കോണ്‍ഗ്രസ് നിഷേധിച്ചില്ല.
അഫ്ഗാനിസ്ഥാനില്‍ നിന്ന് മുംബൈയിലെത്തിയ അബ്ദുള്‍ കരിം ഷേര്‍ ഖാന് ആണ് പിന്നീട് കരിം ലാല എന്ന പേരില്‍ കുപ്രസിദ്ധി നേടിയത്. അറുപതുകളിലും എഴുപതുകളിലും മുംബൈ അധോലോകത്ത് സജീവമായിരുന്നു കരിം ലാലയുടെ സംഘം. 2002ല്‍ തൊണ്ണൂറാമത്തെ വയസ്സിലാണ് ഇയാള്‍ മരിച്ചത്. ലോക്മത് മീഡിയ ഗ്രൂപ്പിനു നല്കിയ അഭിമുഖത്തിലാണ് കരിം ലാലയെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പതിവായി സന്ദര്‍ശിച്ചിരുന്നു എന്ന് സഞ്ജയ് റാവത്ത് പറഞ്ഞത്. ശിവസേനയുടെ മുതിര്‍ന്ന നേതാവായ റാവത്ത് പാര്‍ട്ടി മുഖപത്രമായ സാംമ്നയുടെ പത്രാധിപരുമാണ്.
റാവത്ത് പറഞ്ഞത് ഇങ്ങനെ, മുംബൈയില്‍ ആര് പോലീസ് കമ്മീഷണര്‍ ആകണമെന്നും മഹാരാഷ്ട്ര ആരു ഭരിക്കണമെന്നും ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും ശരദ് ഷെട്ടിയും തീരുമാനിച്ചിരുന്നു. ഹാജി മസ്താന് (മറ്റൊരു അധോലോക കുറ്റവാളി) സെക്രട്ടേറിയറ്റില്‍ വന്നാല്‍ എല്ലാവരും അദ്ദേഹത്തെ കാണാന്‍ താഴത്തെ നിലയില്‍ എത്തുമായിരുന്നു. ഇന്ദിര ഗാന്ധി പലപ്പോഴും പിധോണിയില് (ദക്ഷിണ മുംബൈയിലെ സ്ഥലം) എത്തി കരിം ലാലയെ കാണുമായിരുന്നു.
റാവത്തിന്റെ വാക്കുകള്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തു വന്നു. എന്‍സിപിയുമായും ശിവസേനയുമായുള്ള സഖ്യത്തെ ഏറ്റവും ശക്തമായി എതിര്‍ത്ത സഞ്ജയ് നിരുപം റാവത്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇതോടെ താന്‍ പ്രസ്താവന പിന്‍വലിക്കുന്നു എന്ന് ഒരു യോഗത്തില്‍ പറഞ്ഞ് റാവത്ത് കോണ്‍ഗ്രസ് നേതാക്കളുടെ രോഷം തണുപ്പിക്കാന്‍ ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: