കോഴിക്കോട്: ആഗോള ഇസ്ലാമിക ഭീകരതയുടെ ശൃംഖല കേരളത്തിലേക്ക് വരുന്നു എന്ന പാഠമാണ് മാറാട് കൂട്ടക്കൊല നല്‍കുന്നതെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ എ.പി. അഹമ്മദ്. മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തിന്റെ ഭാഗമായി ‘കേരളം വിഴുങ്ങുന്ന മതഭീകരത’ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
23 വര്‍ഷമായിട്ട് മാറാട്ട് സമാധാനമുണ്ടെങ്കിലും അതുണ്ടാക്കിയത് ഒത്തുതീര്‍പ്പിന് പോയവരല്ല. ഒത്തുതീര്‍പ്പല്ലാതെ പോരാട്ടം നടത്തിയാലാണ് സമാധാനം ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. നാദാപുരം ഇതിന് തെളിവാണ്. ഇസ്ലാമിക ഭീകരവാദികളെ കമ്മ്യൂണിസ്റ്റുകള്‍ വര്‍ഗീയമായി നേരിട്ടതുകൊണ്ടാണ് അവിടെ സമാധാനമുണ്ടായത്.
2001 ആഗോള ഇസ്ലാമിക ഭീകരതയുടെ കാര്യത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ട വര്‍ഷമാണ്. അമേരിക്കയിലെ സപ്തംബര്‍ 11 ലെ ഭീകരാക്രമണം ആ വര്‍ഷമായിരുന്നു. അക്കാലത്താണ് കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയായ കെ.ഇ.എന്‍. ഇസ്ലാമിക തീവ്രവാദത്തെ അനുകൂലിച്ചു കൊണ്ടല്ലാതെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടം നടത്താനാവില്ല എന്ന് പറഞ്ഞത്. തൊട്ടടുത്ത വര്‍ഷം 2002ലാണ് മാറാട് കലാപം നടന്നത്. 2003ല്‍ ഏകപക്ഷീയമായ കൂട്ടക്കൊലയും നടന്നു എന്നും അദ്ദേഹം പറഞ്ഞു.
ഓര്‍മപ്പെടുത്തലുകള്‍ പ്രതികാരത്തിനുള്ള ഉപാധിയാക്കി മാറ്റുന്നത് സംസ്‌കാരമല്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അതായിരിക്കും ബലിദാനികളായവരോട് ചെയ്യുന്ന അപരാധമെന്നും തുടര്‍ന്ന് സംസാരിച്ച എക്‌സ് മുസ്ലിം ആരീഫ് ഹുസൈന്‍ പറഞ്ഞു. ഭാരതത്തില്‍ സമാധാനം നിലനില്‍ക്കുന്നത് ഹിന്ദു സമുദായം ഭൂരിപക്ഷമായതു കൊണ്ടാണെന്ന് ഞാന്‍ എല്ലായിടത്തും പറയാറുണ്ട്. ജൂതരെ പോലെ തന്നെ എന്തെല്ലാം പ്രതിസന്ധികള്‍ നേരിട്ടിട്ടും സമാധാനത്തെ മുറുകെപ്പിടിക്കുന്ന സമൂഹമാണ് ഹിന്ദുക്കളെന്നും ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. എന്നാല്‍ ഓര്‍മപ്പെടുത്തലുകള്‍ ആവശ്യമാണ്. ഗുജറാത്ത് കലാപത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കാന്‍ ചിലര്‍ക്ക് അവകാശമുണ്ടെങ്കില്‍ മറാട് കൂട്ടക്കൊലയും ഓര്‍മിപ്പിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗാണ് കേരളത്തിലെ ഭരണം നിയന്ത്രിക്കുക എന്ന അവസ്ഥ വരുന്നിടത്ത് കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഭയക്കേണ്ടതുണ്ടെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന റഫറണ്ടത്തില്‍ പാകിസ്ഥാന്‍ വേണമെന്ന് ആവശ്യപ്പെട്ടവരാണ് മുസ്ലീം ലീഗെന്ന് നാം ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ ടി.എന്‍. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശശി കമ്മട്ടേരി സംസാരിച്ചു.
















