ശ്രീനഗര്‍: ഭീകരരെ സുരക്ഷിതമായി ജമ്മു കശ്മീരിന് പുറത്തേക്ക് കടത്തിവിടാന്‍ ശ്രമിക്കുന്നതിനിടെ ഡിഎസ്പി ദേവീന്ദര്‍ സിങ് അറസ്റ്റിലായതോടെ പോലീസ് കനത്ത ജാഗ്രതയില്‍. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട പോലീസിലെ ഉന്നതന് തന്നെ പിടിയിലായതോടെ പോലീസും ഭീകരരും തമ്മില്‍ അവിശുദ്ധ ബന്ധം ഉടലെടുത്തിട്ടുണ്ട് എന്നാണ് സംശയം.
ഈ സാഹചര്യത്തില്‍ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാനാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ തീരുമാനം. 90കളില്‍ എഎസ്ഐയായി ചേര്‍ന്ന സിങ് ചുരുങ്ങിയ സമയം കൊണ്ടാണ് ഡിഎസ്പിയായത്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ധീരതക്കുള്ള പോലീസ് മെഡല്‍ നേടിയതും.
ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കും.എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങ്) ഐബി, മിലിറ്ററി ഇന്റലിജന്‍സ് തുടങ്ങിയവയായിരിക്കും നിരീക്ഷണം നടത്തുക. ഇലക്ട്രോണിക് നിരീക്ഷണ യൂണിറ്റിന്റെ സഹായവും അവര്‍ക്ക് ലഭിക്കും. എന്‍ഐ അടക്കമുള്ളവര്‍ സിങ്ങിനെ ചോദ്യം ചെയ്തുവരികയാണ്.
ഇതില്‍ നിന്ന് ഭീകരരെ സഹായിക്കുന്ന, ചില പോലീസ് ഉദ്യോഗസ്ഥരുടെ വിവരം കൂടി ലഭിച്ചുവെന്നാണ് സൂചന. ഇവരില്‍ വിരമിച്ചവരുമുണ്ട്.സിങ് തന്റെ വസതിയിലും കശ്മീരിലെ ട്രാളിലുള്ള തറവാട്ടു വീട്ടിലും ഭീകരരെ താമസിപ്പിച്ചിരുന്നു. ഇയാളുടെ കൂട്ടാളികള്‍ ആരൊക്കെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരരും പോലീസും തമ്മിലുള്ള അവിശുദ്ധ ബന്ധം ആദ്യമായല്ല കണ്ടെത്തുന്നത്.
2012ല്‍ പോലീസ് അബ്ദുള്‍ റഷീദ് ഷിങ്കന്‍ എന്ന കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തിരുന്നു. 2010 മുതല്‍ 2012വരെ ശ്രീനഗറില്‍ നടന്ന 13 ഭീകരാക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. പോലീസും സിആര്‍പിഎഫും. കരസേനയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായിരുന്നു ഇയാളുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: