ഭോപാല്‍: സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ബുക്കുകളില്‍ സവര്‍ക്കരുടെ ചിത്രം ഉണ്ടായിരുന്നെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ സ്കൂള്‍ പ്രിന്‍സിപ്പാളിനെ സസ്പെന്‍ഡ് ചെയ്തു. രത്ലം ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രിന്‍സിപ്പാള്‍ ആര്.എന്‍. കെരാവത്തിനെയാണ് സ്സ്പെന്‍ഡ് ചെയ്തത്.
മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പ്രത്യേക പുരസ്കാരം നേടിയ വ്യക്തിയാണ് കെരാവത്. കഴിഞ്ഞ നാലിനാണ് സംഭവം നടന്നത്. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ വീര്‍ സവര്‍ക്കര്‍ ജനഹിതാര്ത്ഥ സമിതി എന്ന പേരിലുള്ള സന്നദ്ധ സംഘടന താത്പ്പര്യം പ്രകടിപ്പിച്ച് പ്രിന്‍സിപ്പാളിനെ സമീപിച്ചു. കെരാവത്ത് ഇതിന് അനുമതി നല്‍കുകയും ചെയ്തു.
എന്നാല്‍ നോട്ട് വിതരണത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ പ്രിന്‍സിപ്പാളിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കാന്‍ പ്രിന്‍സിപ്പാള്‍ ഒത്താശ ചെയ്തെന്ന് ആരോപിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം സന്നദ്ധ സംഘടനകള്‍ സ്കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്യാറുണ്ട്. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് മനസ്സിലാകുന്നില്ല. നോട്ട്ബുക്കുകള്‍ വിതരണം ചെയ്യാന്‍ മാത്രമാണ് താന്‍ അനുമതി നല്‍കിയത് എന്നും കെരാവത് അറിയിച്ചു. അതിനിടെ സംഭവത്തില്‍ രാഷ്ട്രീയ പ്രേരിതമായാണ് നടപടിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: