ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് നീക്കിയ നടപടി ചരിത്രപരമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നര്‍വാനെ. ഇതുമൂലം പാക്കിസ്ഥാന് ഇന്ത്യക്കെതിരെ നടത്തിവന്ന നിഴല്‍യുദ്ധം താറുമാറായി, 72-ാമത് കരസേനാ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
ഭീകരതയോട് കരസേനയ്ക്ക് ഒരു സഹിഷ്ണുതയും ഇല്ല. ഭീകരത ചെറുക്കാന്‍ സകല വഴികളും സൈന്യം ഉപയോഗിക്കും, അദ്ദേഹം പറഞ്ഞു.കരസേനയുടെ 72-ാമത് ദിനം ഇന്നലെ ആഘോഷിച്ചു. സൈനികരെ ബഹുമാനിക്കാനും രാജ്യം കാക്കാന്‍ ജീവന്‍ബലിയര്‍പ്പിച്ച ധീര സൈനികരുടെ സ്മരണ പുതുക്കാനും അവര്‍ക്ക് രാജ്യത്തോടുള്ള കറകളഞ്ഞ സ്നേഹം അനുസ്മരിക്കാനുമുള്ള ദിവസമാണ് കരസേനാ ദിനം. എല്ലാ വര്‍ഷവും കരസേനാ ആസ്ഥാനത്താണ് ഇത് ആഘോഷിക്കുക. അന്ന് രാജ്യം കരസേനയ്ക്ക് ആദരവ് അര്‍പ്പിക്കും.
കരസേനയ്ക്ക് ആദ്യത്തെ മേധാവിയെ ലഭിച്ച ദിവസമാണ് ജനുവരി 15. ലഫ്. ജനറല്‍ കെ.എം. കരിയപ്പയാണ് കരസേനയുടെ ആദ്യ മേധാവി. അവസാനത്തെ ബ്രിട്ടീഷ് കമാന്‍ഡര്‍ ജനറല്‍ സര് ഫ്രാന്‍സിസ് ബുച്ചറില്‍ നിന്ന് ഇതേ ദിവസമാണ് ജനറല്‍ കരിയപ്പ കരസേനയുടെ ചുമതലയേറ്റെടുത്തത്.
ഇതോടനുബന്ധിച്ച് സൈന്യത്തിന്റെ വിപുലമായ പരേഡും ഉണ്ടായിരുന്നു. വിവിധ സായുധസേനാ വിഭാഗങ്ങളും ആയുധങ്ങളും ടാങ്കുകളും കവചിത വാഹനങ്ങളും മിസൈലുകളും അണിനിരന്ന പരേഡ്, ദല്‍ഹിയിലെ കരിയപ്പ ഗ്രൗണ്ടിലായിരുന്നു. സൈനികര്‍ തങ്ങളുടെ അഭ്യാസപ്രകടനങ്ങളും നടത്തി.കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി. സൈന്യത്തിന്റെ സമ്പൂര്‍ണ ശക്തി വിളിച്ചോതുന്നതായി പരേഡ്. ആദ്യ സംയുക്ത സൈനിക മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
സൈന്യത്തില്‍ അഭിമാനം: മോദി
എഴുപത്തിരണ്ടാമത് കരസേനാ ദിനത്തില്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരെയോര്‍ത്ത് അഭിമാനം കൊള്ളുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ധീരതയ്ക്കും പ്രൊഫഷണലിസത്തിനും
പേരുകേട്ട സേനയാണ് നമ്മുടേത്. മാനുഷികമായ മുഖത്തിന്റെ പേരിലും സൈന്യം ബഹുമാനിക്കപ്പെടുന്നു. ജനങ്ങള്‍ക്ക് സഹായം വേണ്ടപ്പോഴൊക്കെ സൈന്യം അവസരത്തിനൊത്ത് ഉയരുന്നു. മോദി തുടര്‍ന്നു.
രാജ്യത്തിന്റെ അഭിമാനം: രാഷ്ട്രപതി
കരസേന രാജ്യത്തിന്റെ അഭിമാനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 72-ാമത് കരസേനാ ദിനത്തില്‍ സൈന്യത്തിന് അഭിനന്ദനം നേരുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ കാവല്‍ക്കാരാണ്. രാജ്യത്തിന്റെ അഭിമാനമാണ്. നിങ്ങളുടെ പരമത്യാഗമാണ് നമ്മുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നത്, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: