ശബരിമല: സെക്രട്ടേറിയറ്റ് പടിക്കലെ സമരക്കാരെ നേരിടുന്ന പോലെയാണ് മകരവിളക്ക് ദിനമായ ഇന്നലെയും അയ്യപ്പന്മാര്ക്കെതിരെ പോലീസ് നടത്തിയ അക്രമം. മകരവിളക്കുകണ്ട് തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ വണങ്ങാനെത്തിയ പിഞ്ചുകുട്ടികളും വയോധികരും അടങ്ങുന്ന തീര്‍ത്ഥാടകര്‍ക്കു നേരെയാണ് ശബരിമല സ്പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പോലീസ് മൂന്നാംമുറ പ്രയോഗിച്ചത്. നിരവധി ദേവസ്വം ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. മര്‍ദ്ദനദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെയും പോലീസ് കൈയേറ്റം ചെയ്തു. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം.
മകരജ്യോതി ദര്‍ശനത്തിന് പ്രത്യേക പാസ് ഉള്ളവരെ കടത്തിവിടുന്ന വടക്കേ തിരുമുറ്റത്തോട് ചേര്‍ന്ന സ്റ്റാഫ് ഗേറ്റിന് മുമ്പിലായിരുന്നു അക്രമങ്ങള്‍ അരങ്ങേറിയത്. പ്രത്യേക പാസുമായി എത്തിയ തീര്‍ത്ഥാടകരെയും ദേവസ്വം ജീവനക്കാരെയും തടഞ്ഞു നിര്‍ത്തി പോലീസുകാര്‍ക്ക് വേണ്ടപ്പെട്ടവരെ മാത്രം കടത്തിവിട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ദേവസ്വം ജീവനക്കാരില്‍ ചിലരും തീര്‍ത്ഥാടകരും ചേര്‍ന്ന് ഇത് ചോദ്യം ചെയ്തു. ഇതോടെയാണ് പോലീസുകാര്‍ സംഘം ചേര്‍ന്ന് മര്ദ്ദനമാരംഭിച്ചത്.
വയോധികര്‍ അടക്കമുള്ള തീര്‍ത്ഥാടകരെ പോലീസ് അതിക്രൂരമായി മര്‍ദിച്ചു. ഇതിനിടെ സംഭവ സ്ഥലത്തേക്ക് എത്തിയ എസ്ഒയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘവും തീര്‍ത്ഥാടകര്‍ക്ക് നേരെ മര്‍ദ്ദനമഴിച്ചു വിട്ടു.പോലീസ് അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ചില മാധ്യമപ്രവര്‍ത്തകര്‍ മേലേ തിരുമുറ്റത്തു നിന്നു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി. സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി. തുടര്‍ന്ന് കേന്ദ്ര സേനയും സ്ഥലത്തെത്തി. ഇതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ആചാരപ്രകാരം നായാട്ടുവിളിക്കെത്തിയ സംഘത്തിനും സന്നിധാനത്തുവച്ച് കഴിഞ്ഞദിവസം പോലീസിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: