ന്യൂദല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും പാക് അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത മലേഷ്യക്കെതിരെ ഇന്ത്യ കൂടുതല്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുന്നു. ഇലക്ട്രോണിക് രംഗത്തടക്കം കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം.
മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി കുറയ്ക്കാന്‍ വ്യാപാരികളോട് കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. മൈക്രോ പ്രോസസറുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേന്ദ്രം അടുത്തതായി ആലോചിക്കുന്നത്. കശ്മീരിന് പ്രത്യേകപദവി നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് നീക്കിയതിനെ എതിര്‍ത്ത മലേഷ്യ, യുഎന്നില്‍ പാക് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
മൈക്രോ പ്രോസസറുകളുടെ ഗുണനിലവാര പരിശോധന കര്‍ക്കശമാക്കാനാണ് കേന്ദ്രം കസ്റ്റംസ് അധികൃതരോട് നിര്‍ദേശിച്ചത്. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തവ വിലക്കും. മലേഷ്യക്കെതിരായ രണ്ടാമത്തെ വലിയ നീക്കമാണിത്. ഇന്ത്യ വ്യാപാര നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ ആശങ്കയുണ്ടെങ്കിലും ‘തെറ്റായ’ കാര്യങ്ങള്‍ തുറന്നു പറയുമെന്നാണ് കഴിഞ്ഞ ദിവസവും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പറഞ്ഞത്. ഞങ്ങള്‍ക്ക് ആശങ്കയുണ്ട്, ഞങ്ങള്‍ ധാരാളം പാമോയില്‍ ഇന്ത്യക്ക് വില്‍ക്കുന്നു. എന്നാല്‍, ചിലകാര്യങ്ങള്‍ തുറന്നു പറയണം, മുഹമ്മദ് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പാമോയില്‍ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് മലേഷ്യയില്‍ നിന്നും.
കശ്മീര്‍ വിഷയത്തില്‍ മാത്രമല്ല സക്കീര്‍ നായിക്കിന്റെ കാര്യത്തിലും മലേഷ്യ ഇന്ത്യാ വിരുദ്ധ നിലപാടാണ് എടുക്കുന്നത്. വര്‍ഗീയ വിഷം വമിപ്പിക്കുന്ന വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി മഹാതീര്‍. ബംഗ്ലാദേശിലെ ഭീകരാക്രമണത്തിന്റെ പ്രചോദനമായിരുന്ന ഇയാള്‍ക്ക് പല രാജ്യങ്ങളും വിലക്ക് കല്പ്പിച്ചിട്ടുണ്ട്. വിഷം വമിപ്പിക്കുന്ന ഇയാളുടെ പീസ് ടിവിക്ക് ഇസ്ലാമിക രാജ്യങ്ങളിലടക്കം നിരോധനമുണ്ട്. ഇയാളെ വിട്ടുനല്‍കില്ലെന്ന നിലപാടും മലേഷ്യയുമായുള്ള വ്യാപാരങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നു. മലേഷ്യയും ഇന്ത്യയും തമ്മിലുള്ള വാണിജ്യം 1700 കോടി ഡോളറിന്റേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: