ഇടുക്കി: ഉദ്ഘാടന വേദിയില്‍ വൈദ്യുതി മന്ത്രി എം.എം. മണിയെ വ്യത്യസ്തമായി പുകഴ്ത്തി പാടി കൈയ്യടി നേടണമെന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ ആഗ്രഹം സഫലമായി. ‘വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ…സത്യത്തില്‍ നമ്മള് തിരിച്ചറിഞ്ഞല്ലോ…’എന്നായിരുന്നു പാട്ടിന്റെ തുടക്കം. പാട്ടുതുടങ്ങിയപ്പോള്‍ തന്നെ മന്ത്രി തലയാട്ടി താളം പിടിച്ചുതുടങ്ങി. ഒടുവില്‍ ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നായി പാട്ടുകാര്‍. ഇതോടെ കേട്ടിരുന്നവര്‍ ഒന്നടങ്കം ചിരിച്ചുപോയി. വണ്ടന്മേട് 33 കെവി സബ് സ്റ്റേഷന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.
വേദിയിലെത്തിയ മന്ത്രിയെകുറിച്ച് മനോഹര പാരഡി ഗാനം അവതരിപ്പിക്കാന്‍ ആദ്യമേതന്നെ നാലു കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. മന്ത്രി പാട്ട് ആസ്വാദിച്ച് അതിന് പാരമ്യത്തിലെത്തിയപ്പോഴാണ് ഗായകരിലൊരാള്ക്ക് അമളി പറ്റിയത്. ഉടനെ കൂടെ പാടാനുണ്ടായിരുന്ന മൂന്നുപേരും മുങ്ങി. എന്നാല്‍ മന്ത്രി അതത്ര കാര്യമായി എടുത്തില്ല. ഒരുവിധം പാട്ടുപാടി തീര്‍ത്ത് വരികള്‍ മാറിപ്പോയതിന് മാപ്പുപറഞ്ഞാണ് കുടുംബസ്ത്രീ പ്രവര്‍ത്തക വേദി വിട്ടത്. തെറ്റ് പറ്റിയവരോട് ആശാന് ക്ഷമിച്ച്, കൈകൊണ്ട് ആംഗ്യഭാഷയില്‍ പൊയ്ക്കോളാന്‍ പറഞ്ഞു.
മന്ത്രി മണിക്കുപകരം സദസില്‍ പിണറായി വിജനായിരുന്നെങ്കിലോ എന്ന് പരസ്പരം ചോദിച്ചായിരുന്നു കാണികളുടെ അടുത്ത ചിരിയുടെ തുടക്കം. മമ്മൂട്ടിയും ശ്രീനിവാസനും തകര്‍ത്ത് അഭിനയിച്ച കഥ പറയുമ്പോള്‍ എന്ന സിനിമയിലെ ഒരു കോമഡി ആക്ഷേപഹാസ്യമായിരുന്നു ഈ ഗാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: