ന്യൂദല്‍ഹി : ഇരു സഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയിരിക്കുകയാണ്.
നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു വിധത്തിലുള്ള ഇടപെടലുകളും നടത്താന്‍ സാധിക്കില്ല എന്നിരിക്കേ കേരളത്തിന്റെ സമയ നഷ്ടവും ഖജനാവും കാലിയാക്കുന്നതാണ് ഈ നടപടി. പൗരത്വ നിയമ ഭേദഗതി ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും സംസ്ഥാന സര്‍ക്കാര്‍ നല്കിയ സ്യൂട്ട് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. പൗരത്വ ദേദഗതിക്കെതിരെ കോടതിയില്‍ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
കേരളം അതിലില്‍ ഇടപെട്ട് നല്കിയ ഹര്‍ജിക്ക് നിയമസാധ്യതയും, വിജയസാധ്യതയും ഇല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വിഷയത്തില്‍ സുപ്രിം കോടതിയില്‍ നിലവില്‍ നിരവധി റിട്ട് ഹര്‍ജികള്‍ നിലവിലുണ്ട്. എന്നാല്‍ അതിലൊന്നും കക്ഷി ചേരാതെ സ്യൂട്ട് ഹര്‍ജി നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഭരണ ഘടനാ വിരുദ്ധമെന്ന് പറയാനാവില്ലെങ്കിലും രാഷ്ട്രീയ പ്രേരിതമാണ് ഹര്‍ജി എന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. കേന്ദ്രത്തിനെതിരെ പരസ്യയുദ്ധത്തിന് അതും നിയമസാധുത ഇല്ലാത്ത വിഷയത്തില്‍ ഇറങ്ങുന്നത് ശരിയല്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് പ്രമേയം പാസാക്കിയെങ്കിലും ഇതില്‍ സംസ്ഥാനത്തിന് യാതൊരു ഇടപെടലും നടത്താന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അറിയിക്കുകയായിരുന്നു. ഇത്തരം നടപടികള്‍ മറ്റ് സംസ്ഥാനങ്ങളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചെങ്കിലും ആരും ഒരുനടപടിയും കൈക്കൊള്ളാന്‍ തയ്യാറായില്ല. ഇതോടെയാണ് കേരളം സ്യൂട്ട് ഹര്‍ജി നല്കാന് തീരുമാനിച്ചത്. എന്നാല്‍ ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടിയാണെന്നാണ് ആരോപണം ഉയരുന്നത്.
വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിനിടെ പരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരേയും ഉള്‍പ്പെടുത്തി യോഗം വിളിച്ചു. എന്നാല്‍ പ്രമുഖ പാര്‍ട്ടികളില്‍ സിപിഎമ്മാണ് യോഗത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം പങ്കുചേര്‍ന്നത്. ബാക്കി ടിഎംസി, എഎപി, ഡിഎംകെ, ബിഎസ്പി തുടങ്ങിയവയെല്ലാം യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ചെയ്തത്. ഇതോടെ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായമാണെന്നും ഐക്യം ഇല്ലെന്നും പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: