തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ചുകൊല്ലാന്‍ ഭീകരര്‍ ഉപയോഗിച്ചത് 2017 ജൂണില്‍ കേരളത്തിലേക്ക് രഹസ്യമായി കടത്തിയ തോക്കുകളില്‍ ഒന്നെന്ന് സംശയം. ഇക്കാര്യം പോലീസും ഇന്റലിജന്‍സും പരിശോധിച്ചുവരികയാണ്.
പ്രഹരശേഷി കൂടിയ 1000 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകള്‍ 2017ല്‍ സംസ്ഥാനത്തേക്ക് കടത്തിയെന്ന് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഹാരാഷ്ട്ര പോലീസ് കൈമാറിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് കേരളത്തില്‍ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ തോക്കുകള്‍ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവയില്‍പ്പെട്ട തോക്കുകളാണ് കളിയിക്കാവിളയില്‍ എസ്ഐയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നാണ് പോലീസ് നിഗമനം.
കൊച്ചിയില്‍ തോക്കുകള്‍ എത്തിയെന്നായിരുന്നു അന്നത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആയുധ ഇടപാടുകാരനായ ബീഹാര്‍ സ്വദേശി ദീപക് കുമാര്‍ സാഹ മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് മധ്യപ്രദേശിലെ സാന്‍ദ്ധ്വയിലെ ആയുധ നിര്‍മാണ ശാലയില്‍ നിന്നും തുര്‍ക്കി നിര്
മിത ബ്ലാങ്ക് ഗണ്‍ (ബുള്ളറ്റ് ഇല്ലാത്ത, തിരകള്‍ പൊട്ടിക്കാവുന്ന കളിത്തോക്കുകള്‍) അടക്കം നിരവധി തോക്കുകള്‍ പിടിച്ചെടുത്തു. സിനിമാ ഷൂട്ടിങ് സായുധ പരിശീലനം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഈ തോക്കുകളുടെ പ്രഹരശേഷി വര്‍ധിപ്പിച്ച് ക്രിമിനല്‍ സംഘത്തിനും ദേശവിരുദ്ധ സംഘടനകള്‍ക്കും കൈമാറിയതായും കണ്ടെത്തി.
ദീപക് കുമാര്‍ സാഹയുടെ കൂട്ടാളികളായ എം. മനോവര്‍, മുഹമ്മദ് ഷാഹിദ് എന്നിവര്‍ കളിപ്പാട്ട നിര്‍മാണ കമ്പനിയുടെ ഏജന്റ്മാരെന്ന വ്യാജേന കൊച്ചിയിലെത്തിയിരുന്നു. ഇതിനിടെ ഇരുവരും 2017 ജൂലൈയില്‍ കള്ളത്തോക്കുകളുമായി ദല്‍ഹിയില്‍ അറസ്റ്റിലാകുകയും ചെയ്തു. ഇരുവരും എറണാകുളം ബ്രോഡ്വേയിലെ ലോഡ്ജില്‍ രണ്ടാഴ്ച തങ്ങിയെന്നും തോക്കുകള്‍ കൊച്ചിയിലേക്ക് എത്തിച്ചെന്നും ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഇതിനിടെ ദല്‍ഹിയില്‍ നിന്നും 17 തോക്കുകളുമായി രണ്ട് പേര് കൂടി പിടിയിലായിരുന്നു. ഇവയെല്ലാം മധ്യപ്രദേശിലെ ആയുധ ശാലയില്‍ നിര്‍മിച്ചതാണെന്നും കണ്ടെത്തിയിരുന്നു.
പിസ്റ്റളുകളാണ് എസ്ഐയെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന് ദൃക്സാക്ഷിയായ കളിയിക്കാവിള എസ്ഐ രഘു ബാലാജി മൊഴി നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച വെടിയുണ്ടകളുടെ ഭാഗങ്ങള്‍ക്ക് 7.62 മില്ലിമീറ്റര്‍ വലിപ്പമുണ്ടെന്നാണ് വിവരം. ഇത് വിരല്‍ ചൂണ്ടുന്നത് ഒമ്പത് എംഎം പിസ്റ്റളിലേക്കാണ്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായ സ്ഥിരീകരണത്തിലേക്ക് എത്താനാകൂവെന്ന് കന്യാകുമാരി എസ്പി ഡോ. ശ്രീനാഥ് പറഞ്ഞു. കേരളത്തിലേക്കെത്തിയ തോക്കുകള്‍ ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും കൈവശമുള്ളതായി സംശയമുണ്ടെന്നും അന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, കേരള പോലീസ് ഇക്കാര്യം വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: