കൊച്ചി: ലൈംഗിക പീഡനം കാരണം മഠം ഉപേക്ഷിച്ച മുന്‍ കന്യാസ്ത്രി കുടുംബത്തോടൊപ്പം നഷ്ടപരിഹാരത്തിനായി കൊച്ചിയില്‍ പച്ചാളത്തുള്ള സെന്റ് ജോസഫ്സ് പ്രൊവിന്‍ഷ്യാല്‍ കോണ്‍വെന്റിനെതിരെ സമരം ചെയ്യുന്നു. 15 ലക്ഷം രൂപയാണ് യുവതി ആവശ്യപ്പെടുന്നത്. മഠത്തില്‍ വൈദികര്‍ വരാറുണ്ട്. സ്ത്രീകളായ സിസ്റ്ററില്‍ നിന്ന് മോശമായ ലൈംഗികമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. മഠത്തിന് അകത്തും പുറത്തുംവച്ച് പലഘട്ടങ്ങളിലും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട് -യുവതി ‘സമയം മലയാള’ത്തോട് പറഞ്ഞു. വിവാഹം നടത്താനും മറ്റുമുള്ള ആവശ്യങ്ങള്‍ക്കാണ് പണമെന്നാണ് യുവതിയും കുടുംബവും പറയുന്നത്.
2019 മെയ് മാസം 28 നാണ് മഠത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ലൈംഗിക പീഡന ഭയം മൂലമാണ് തിരുവസ്ത്രം ഉപേക്ഷിക്കുന്നതെന്ന് എഴുതിവയ്ക്കാന്‍ പ്രൊവിന്‍ഷ്യല്‍ അനുവദിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് മഠത്തില്‍ നിന്നും പോകുന്നതെന്ന് എഴുതി ഒപ്പിട്ട് നല്കാന് അധികൃതര്‍ നിര്‍ബന്ധിച്ചു. മഠം വിടുമ്പോള്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്കി. മഠത്തില്‍ ഒപ്പമുണ്ടായിരുന്ന സിസ്റ്റര്മാര് ഇക്കാര്യങ്ങള്‍ അറിയരുതെന്നും പറഞ്ഞു. താന്‍ തിരികെ പോന്നതിന് പിന്നാലെ ഇവരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും യുവതി പറയുന്നു. മഠം വിട്ടുപോകുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നാണ് ചട്ടമെന്നാണ് സമരക്കാര്‍ വാദിക്കുന്നത്. ഇത് പറഞ്ഞ് പലപ്പോഴായി ചര്‍ച്ച നടത്തി. മഠം അധികൃതര്‍ വഴങ്ങാത്തത് കൊണ്ട് ഡിസംബര്‍ 16 മുതല്‍ പ്രതിഷേധം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: