മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് താരം ഹാര്‍ദിക് പാണ്ഡ്യ വിവാഹിതനാകുന്നു. സെര്‍ബിയന്‍ വംശജയും മുംബൈയില്‍ സ്ഥിര താമസമാക്കിയ ബോളിവുഡ് താരം നടാഷ സ്റ്റാന്‍കോവിക്കിയാണ് വധു. ക്രിക്കറ്റ് താരം പുതുവര്‍ഷത്തില്‍ തന്നെ നടാഷ സ്റ്റാന്‍കോവിക്കുമൊത്തുള്ള പടം പങ്കുവെച്ചു ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാക്കിയിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഇരുവരുടേയും വിവാഹനിശ്ചയത്തിന്റെ വീഡിയോയും പുറത്തുവന്നു. ദുബായിരുന്ന ചടങ്ങ്. ഇതിനു ശേഷം ഇരുവരും തുറന്ന ബോട്ടില്‍ ബോളിവുഡ് പാട്ടിനൊപ്പം ആവേശപൂര്‍വം സന്തോഷം പങ്കിടുന്ന വീഡിയോയാണ് വൈറലാകുന്നത്.
ഹാര്‍ദികിന്റെ ബന്ധത്തെ ആരാധകര്‍ ഇരുകയ്യും നീട്ടി ഈ പ്രഖ്യാപനത്തെ സ്വീകരിക്കുകയും യുവ ഓള്‍റൗണ്ടറെ ആശംസകള്‍ കൊണ്ട് മൂടുകയും ചെയ്തു. ഇന്ത്യന്‍ടീമിലെ സഹതാരങ്ങളായ കെ.എല്‍. രാഹുലും യുസ്‌വേന്ദ്ര ചഹാലും അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. മണിക്കൂറുകള്‍ക്കകം 11 ലക്ഷത്തിലേറെ പേരാണ് ഈ പാണ്ഡ്യയുടെയും നടാഷയുടേയും ചിത്രത്തെ ഇന്‍സ്റ്റയില്‍ ലൈക്കടിച്ചിരിക്കുന്നത്.
പരിക്കേറ്റതിനെ തുടര്‍ന്ന് 26കാരനായ ഹാര്‍ദിക് പാണ്ഡ്യക്ക് ബംഗ്ലാദേശിനും വിന്‍ഡീസിനുമെതിരായ പരമ്പരകള്‍ നഷ്ടമായിരുന്നു. ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന ഹാര്‍ദിക് ഇന്ത്യ എക്കുവേണ്ടി ന്യൂസിലന്റില്‍ കളിക്കാനിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടി20 മത്സരമായിരുന്നു ഹാര്‍ദിക് ഇന്ത്യക്കുവേണ്ടി അവസാനമായി കളിച്ചത്. സത്യഗ്രഹ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നടാഷ ബിഗ് ബോസിലൂടെയാണ് പ്രശസ്തയായത്.
















