പട്‌ന: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയുടെ ജന്മദിനം എല്ലാവര്‍ഷവും ആഘോഷിക്കാന്‍ തീരുമാനമെടുത്ത് ബിഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. അരുണ്‍ ജയ്റ്റ്‌ലിയുടെ 67-ാം ജന്മദിനമായിരുന്ന ഡിസംബര്‍ 28ന് തലസ്ഥാനമായ പട്‌നക്ക് സമീപമുള്ള കങ്കര്‍ബാഗില്‍ അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനാഛാദനം ചെയ്തിരുന്നു.
2005 ല്‍ ബിജെപിയുടെ ബിഹാറിന്റെ പ്രഭാരിയായി എത്തിയ ജയ്റ്റലി സംസ്ഥാനത്ത് ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വളരെ വലിയ പങ്കുവഹിച്ച വ്യക്തിയാണെന്ന് പ്രതിമ അനാഛാദനം ചെയ്ത് സംസാരിക്കവേ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ചടങ്ങില്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, കേന്ദ്രമന്ത്രി റാം വിലാസ് പസ്വാന്‍, സ്പീക്കര്‍ വിജയ് കുമാര്‍ ചൗധരി, കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റോയ് എന്നിവര്‍ ജയ്റ്റ്‌ലിയെ അനുസ്മരിച്ചു.
ബിജെപിയുടെ സമുന്നത നേതാക്കളില്‍ ഒരാളും പ്രശസ്ത അഭിഭാഷകനുമായിരുന്ന അരുണ്‍ ജയ്റ്റ്‌ലി വിദ്യാര്‍ഥി പരിഷദ് വഴിയാണ് സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. 1973 ല്‍ അഴിമതിക്കെതിരെ ആരംഭിച്ച ജെപി പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ജെയ്റ്റ്‌ലി അടിയന്തരാവസ്ഥ കാലത്ത് ജയിലിലടക്കപ്പെട്ടു. അടല്‍ബിഹാരി വാജ്‌പേയി മന്ത്രി സഭയില്‍ നിയമ, നീതിന്യായ വകുപ്പ് മന്ത്രിയായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭാ പ്രതിപക്ഷനേതാവായും പ്രവര്‍ത്തിച്ചു. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ ധനകാര്യ, പ്രതിരോധ വകുപ്പുകളുടെ മന്ത്രിയായി. വൃക്കരോഗ സംബന്ധമായി ദൽഹി എയിംസില്‍ ചികിത്സയിലായിരിക്കെ 2019 ആഗസ്ത് 24 ന് മരണമടഞ്ഞു.
















