ന്യൂദല്‍ഹി: വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മത്സരത്തിനിടെ ആരെങ്കിലും ക്രീസ് വിട്ടിറങ്ങിയാല്‍ താന്‍ ഉറപ്പായും മങ്കാദിലൂടെ പുറത്താക്കുമെന്ന് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ താരം ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദിലൂടെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. അടുത്ത തവണയും ഇതേ സാഹചര്യമുണ്ടായാല്‍ താന്‍ ഉറപ്പായും മങ്കാദിലൂടെ പുറത്താക്കുമെന്ന് തുറന്നു പറയുകയാണ് അശ്വിന്‍.
ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിനാണ് അശ്വിന്‍ മറുപടി പറഞ്ഞത്. വരുന്ന ഐപിഎല്ലില്‍ ഏത് ബാറ്റ്‌സ്മാനെയാണ് മങ്കാദിങ് ചെയ്യുക എന്നായിരുന്നു ആരാധകന് അറിയേണ്ടിയിരുന്നത്. ഇതിനോട് ആശ്വിന്റെ മറുപടിയിങ്ങനെ. ‘ക്രീസ് വിട്ടിറങ്ങുന്ന ഏത് താരത്തെയും മങ്കാദിങ് ചെയ്യും’.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലായിരുന്നു വിവാദ ഔട്ട്. നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ ക്രീസ് വിട്ടിറങ്ങിയ ബട്ട്ലറെ അശ്വിന്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. മത്സരത്തില്‍ രാജസ്ഥാന്‍ 14 റണ്‍സിന്റെ തോല്‍വി വഴങ്ങുകയും ചെയ്തു. അശ്വിന്‍ പുറത്താക്കുമ്പോള്‍ 43 പന്തില്‍ 69 റണ്‍സടിച്ച് തകര്‍പ്പന്‍ ഫോമിലായിരുന്നു ബട്ട്ലര്‍. ഐപിഎല്‍ ചരിത്രത്തില്‍ മങ്കാദിങ്ങിലൂടെ പുറത്തായ ആദ്യ താരമാണ് ജോസ് ബട്ട്ലര്‍.
















