അഗസ്ത്യഃ കമ്പുകൗണ്ഡിന്യൗ രാജേന്ദ്രശ്ചോളവംശജഃ
അശോകഃ പുഷ്യമിത്രശ്ച ഖാരവേല സുനീതിമാന്‍
മൗര്യവംശത്തിനു ശേഷം മഗധത്തില്‍ ശുംഗവംശം സ്ഥാപിച്ച പ്രതാപശാലിയായ രാജാവായിരുന്നു പുഷ്യമിത്രന്‍. ഇദ്ദേഹം മൗര്യവംശത്തിലെ അവസാന രാജാവായ ബൃഹദ്രഥനെ വധിച്ച് മഗധയുടെ സിംഹാസനം പിടിച്ചടക്കി. ബൃഹദ്രഥന്റെ അഹിംസാ നീതി രാജ്യത്തിന്റെ അതിര്‍ത്തികള്‍, ആക്രമിച്ചു കൊണ്ടിരുന്ന വിദേശശക്തികളെ ചെറുത്ത് സൈനിക മുന്നേറ്റം നടത്തുവാന്‍ സേനാനായകനായ പുഷ്യമിത്രനെ അനുവദിച്ചിരുന്നില്ല. അങ്ങനെ ഭരണം ഏറ്റെടുത്ത പുഷ്യമിത്രന്‍ പടിഞ്ഞാറേ അതിര്‍ത്തി മുഴുവന്‍ ദിഗ്‌വിജയം നടത്തിയ യവനന്മാരെ ഓടിക്കുകയും സിന്ധുനദീതീരത്തു വെച്ച് അശ്വമേധ യജ്ഞം നടത്തുകയും ചെയ്തു. വൈദിക ധര്‍മത്തിന്റെ പുനഃപ്രതിഷ്ഠ എന്ന മഹത്തായ ദൗത്യം നിര്‍വഹിച്ചത് ഇദ്ദേഹമാണ്. പുഷ്യമിത്രന്‍ പാടലീപുത്രത്തിലും ഗംഭീരഅശ്വമേധങ്ങള്‍ നടത്തിയതായി അയോധ്യയിലെ ശിലാലിഖിതങ്ങളില്‍ പറഞ്ഞിരിക്കുന്നു. ഇദ്ദേഹത്തിന്റെ പുത്രനായ അഗ്നിമിത്രന്റെ കഥയാണ് കാളിദാസന്റെ മാളവികാഗ്നിമിത്രത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















