ഖാരവേല്‍
ഉത്കല പ്രദേശത്തെ ചേദിവംശ രാജാവായിരുന്ന ഖാരവേല്‍ സമകാലീനരായ അനേകം ശത്രു രാജാക്കന്മാരെ പരാജയപ്പെടുത്തിയ ശേഷം മഗധരാജാവായ പുഷ്യമിത്രനുമായി യുദ്ധം ആരംഭിച്ചു. എന്നാല്‍ ആ കാലത്ത് ഗ്രീക്കുരാജാവായ ദിമിത്രന്‍ ഭാരതത്തെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതറിഞ്ഞ് അദ്ദേഹം പുഷ്യമിത്രനുമായി സന്ധി ചെയ്ത് ദിമിത്രനെ പരാജയപ്പെടുത്തി. ഖാരവേല മഹാരാജാവ് ശതവാഹനനേയും ഉത്തരപഥത്തിലെ ഗ്രീക്കുകാരേയും പരാജയപ്പെടുത്തിയ ശേഷം തന്റെ രാജ്യത്ത് ജൈനമഹാസമ്മേളനം സംഘടിപ്പിച്ചു. ഈ സമ്മേളനത്തില്‍ വച്ച് അദ്ദേഹത്തിന് ‘ഖേമരാജാ’ , ‘ധര്‍മരാജാ’ എന്നീ ബിരുദങ്ങള്‍ സമ്മാനിക്കപ്പെട്ടു. ജൈനമതാനുയായിയായ ഖാരവേലന്റെ ശിലാലിഖിതങ്ങള്‍ ഭുവനേശ്വറിനടുത്ത് ഖണ്ഡഗിരിയിലും ഉദയഗിരിയിലും ധാരാളം കാണാം.
















