ദോഹ: ഇന്ത്യയുടെ പതിനേഴുകാരനായ ജെര്‍മി ലാല്‍റിനുങ്ക ദോഹ ഇന്റര്‍ നാഷണല്‍ ഭാരോദ്വഹന മത്സരത്തിന്റെ 67 കിലോഗ്രാം വിഭാഗത്തില്‍ സ്വന്തം യൂത്ത് ലോക റെക്കോഡുകള്‍ തിരുത്തിക്കുറിച്ചു. സ്‌നാച്ച് (140 കിലോ), ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് (166 കിലോ), ടോട്ടല്‍ (306 കിലോ) എന്നിവയിലാണ് റെക്കോഡിട്ടത്. മത്സരത്തില്‍ ജെര്‍മിക്ക് വെള്ളി മെഡല്‍ ലഭിച്ചു.
ഭാരോദ്വഹനത്തില്‍ ദേശീയ അന്തര്‍ദേശീയ വിഭാഗങ്ങളില്‍ നിന്ന് 27 റെക്കോഡുകളാണ് ജെര്‍മി ഇതിനോടകം സ്വന്തം പേരിലാക്കിയിട്ടുള്ളത്. മൂന്ന് ലോക യൂത്ത്, മൂന്ന് ഏഷ്യന്‍ യൂത്ത്, ആറ് കോമണ്‍വെല്‍ത്ത്, അഞ്ച് യൂത്ത് നാഷണല്‍, അഞ്ച് ജൂനിയര്‍ നാഷണല്‍ അഞ്ച് സീനിയര്‍ നാഷണല്‍ റെക്കോഡുകളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 297 കിലോ ഭാരം ഉയര്‍ത്തി ഏഷ്യന്‍ റെക്കോഡ് തകര്‍ത്തിരുന്നു.
















