കൊച്ചി: ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ അറിവ് കൊണ്ട് അഗസ്ത്യമുനിക്കു സമനാണ് ആര്‍. ഹരിയെന്ന് കവി എസ്. രമേശന്‍ നായര്‍. ആര്‍എസ്എസ് അഖിലഭാരതീയ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘വ്യാസ ഭാരതത്തിലെ ദ്രൗപദി’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിസാറ്റ് അസോസിയേറ്റ് പ്രൊഫ. ഡോ.ആര്‍. അര്‍ച്ചന പുസ്തകം ഏറ്റുവാങ്ങി.
സ്വയം പ്രകാശിക്കുന്നവയാണ് ആര്‍. ഹരിയുടെ ഗ്രന്ഥങ്ങള്‍. ഇന്നത്തെ കാലത്ത് അക്ഷര സംസ്‌കാരത്തിന്റെ അത്താണിയാണ് അദ്ദേഹം. സാഹിത്യ ലോകത്ത് ഇന്ന് വളരെയധികം മായം ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹരിയേട്ടന്റെ പുസ്തകങ്ങളില്‍ മായമില്ല. അദ്ദേഹത്തിനുള്ള ഗ്രാഹ്യം മറ്റൊരു എഴുത്തുകാരനിലും കാണാന്‍ സാധിക്കില്ല. എളമക്കരയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന അക്ഷര ബ്രഹ്മ പ്രതിഷ്ഠയാണ് അദ്ദേഹമെന്നും രമേശന്‍ നായര്‍ പറഞ്ഞു.
രാമായണത്തിലേയും മഹാഭാരതത്തിലുമുള്ള സ്ത്രീകളില്‍ ഏറ്റവും മാനഹാനി നേരിട്ടത് ദ്രൗപദിക്കാണ്. എന്നിട്ടും കൃഷ്ണനോടല്ലാതെ ഒരാളോടും അവര്‍ പരാതി പറയുന്നില്ല. മാനഹാനി വന്നിട്ടും പിടിച്ചു നില്‍ക്കുന്ന ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമാണ് ദ്രൗപദിയെന്നും അതുകൊണ്ടാണ് ദ്രൗപദിയെ കുറിച്ച് എഴുതിയതെന്നും മറുപടി പ്രസംഗത്തില്‍ ആര്‍. ഹരി പറഞ്ഞു. നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ ഇ.എന്‍. നന്ദകുമാര്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് അസി. പ്രൊഫ. ഡോ. ലക്ഷ്മി ശങ്കര്‍, ഇ.പി. സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















