ബെംഗളൂരു: ഉപതിരഞ്ഞെടുപ്പില്‍ പതിനഞ്ചില്‍ പന്ത്രണ്ട് സീറ്റുകളുമായി ബിജെപി തരംഗം ആഞ്ഞുവീശിയപ്പോള്‍ എതിർ പാര്‍ട്ടികള്‍ക്ക് നഷ്ടമായത് അവരുടെ കോട്ടകൾ. കോണ്‍ഗ്രസിന്റെ 11 സിറ്റിങ് സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തതിനൊപ്പം നാളിതുവരെ ബിജെപിയുടെ സ്വപ്‌നം മാത്രമായിരുന്ന ജെഡിഎസിന്റെ പരമ്പരാഗത സീറ്റായ കൃഷ്ണരാജപേട്ടയിലും(കെആര്‍പേട്ട) പാര്‍ട്ടി അട്ടിമറി വിജയം നേടി.
ജെഡിഎസിന്റെ സീറ്റിലെ സിറ്റിങ് എംഎല്‍എ നാരായണ ഗൗഡാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് 9731 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ജെഡിഎസിന്റെ ഉറച്ചകോട്ടയായി അറിയപ്പെടുന്ന കെആര്‍ പേട്ടയിലായിരുന്നു ബിജെപിയുടെ പ്രചാരണം മുഴുവന് കേന്ദ്രീകരിച്ചത്. വോക്കലിഗ ബെല്‍റ്റില്‍ പോലും ബിജെപി കടന്നുകയറിയതിന്റെ സൂചനയായി ഈ മണ്ഡലത്തിലെ ഫലം. കൂറുമാറിയവരെ പാഠം പഠിപ്പിക്കണമെന്ന് കുമാരസ്വാമി അടക്കമുള്ള നേതാക്കള്‍ പ്രസംഗിച്ചെങ്കിലും ജനം ഗൗഡയ്‌ക്കും ബിജെപിക്കുമൊപ്പം നിന്നുവെന്നതിന് തെളിവാണ് ഈ വിജയമെന്ന് പ്രദേശിക നേതാക്കള്‍ വ്യക്തമാക്കി.
കെ.ആര്‍ പേട്ടയില്‍ പാര്‍ട്ടിയുടെ പ്രചാരണം നയിച്ച മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്ര മാണ്ഡ്യ ജില്ലയില്‍ ബിജെപിക്ക് വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദിയറിച്ചു. യെദ്യൂരപ്പയുടെ ജന്മനാട് ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ബൂക്കനകെരയാണെന്നും വിജയേന്ദ്ര പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ കോട്ടയില്‍ പോലും വിള്ളല്‍ വീഴുന്നത് കാണേണ്ടി വന്ന ഗൗഡ കുടുംബത്തിനും ജെഡിഎസ്സിനുമാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.
















