തൃശൂര്‍: പുനര്‍ജ്ജന്മ സുകൃതം തേടി തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനര്‍ജ്ജനി ഗുഹ നൂഴാനെത്തിയത് ആയിരങ്ങള്‍. പുനര്‍ജ്ജനി നൂഴല്‍ ചടങ്ങിന് ശനിയാഴ്ച രാത്രിയോടെ തന്നെ ഭക്തരെത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് പുനര്‍ജ്ജനി നൂഴലാരംഭിച്ചത്.
ഗുഹാമുഖത്ത് മേല്‍ശാന്തി പത്മിട്ട് പ്രത്യേക പൂജകള്‍ നടത്തിയതിനുശേഷം നെല്ലിക്ക ഉരുട്ടി. പതിവുപോലെ പാറപ്പുറത്ത് ചന്തു ആദ്യം ഗുഹയില്‍ പ്രവേശിച്ചു. പിന്നീട് ടോക്കണ്‍ അനുസരിച്ച് മറ്റു ഭക്തര്‍ പുനര്‍ജ്ജനി നൂഴാന്‍ തുടങ്ങി. വൃശ്ചിക മാസത്തിലെ വെളുത്തക്ഷ ഏകാദശി നാളില്‍ (ഗുരുവായൂര്‍ ഏകാദശി) മാത്രമാണ് ഭക്തര്‍ പുനര്‍ജ്ജനി നൂഴാനെത്തുക.
വില്വാദ്രിനാഥ ക്ഷേത്രത്തിന് കിഴക്കുള്ള മലനിരകള്‍ക്കിടയില്‍ മൂന്നര കിലോ മീറ്ററോളം ദൂരത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്. നൂറു മീറ്ററോളം നീളമുള്ള ഗുഹ ഒരു തവണ നൂഴ്ന്നിറങ്ങിയാല്‍ എല്ലാ പാപങ്ങളില്‍ നിന്നു മോചനം കിട്ടുമെന്നാണ് വിശ്വാസം. ഗുഹാമുഖത്ത് കൂടി ഉള്ളില്‍ പ്രവേശിക്കുന്ന ആദ്യത്തെ ആളുടെ പുറകെ കാലില്‍ തൊട്ടു തൊട്ടാണ് യാത്ര.
കൂരിരുട്ടില്‍ ചരിഞ്ഞും മലര്‍ന്നു കിടന്നുമൊക്കെയാണ് ഗുഹയിലൂടെയുള്ള സഞ്ചാരം. ജന്മസാഫല്യത്തിനായി ജില്ലയ്‌ക്കകത്തും പുറത്തുനിന്നുമായി നൂറുകണക്കിന് ഭക്തര്‍ ചടങ്ങിനെത്തിയിരുന്നു. വ്രതമെടുത്ത് ഗുഹ നൂഴ്ന്നാല്‍ പുനര്‍ജ്ജന്മ പുണ്യം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഭക്തര്‍ ഏകാദശിനാളില്‍വില്വാദ്രിമലയിലെത്തുന്നത്.
ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനായി ഗുഹയും പരിസരവും ദേവസ്വത്തിന്റെ നേതൃത്വത്തില്‍ കാടുവെട്ടി വൃത്തിയാക്കിയിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച നൂഴല്‍ ചടങ്ങ് അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. ആയിരത്തിലേറെ പേര്‍ ഇത്തവണയും ഗുഹ നൂഴാന്‍ വില്വാദ്രിനാഥ ക്ഷേത്രത്തിലെ പ്രത്യേക കൗണ്ടറില്‍ നിന്ന് ടോക്കണ്‍ എടുത്തിരുന്നു.
















