തിരുവനന്തപുരം: തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തിന്റെ തൊട്ടടുത്ത് കൈതമുക്കില്‍ കുട്ടികള്‍ പട്ടിണി കിടന്ന സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ സിപിഎം ശ്രമം തുടങ്ങി. മാധ്യമങ്ങള്‍ക്ക് തെറ്റുപറ്റിയെന്നു വരുത്തിത്തീര്‍ക്കാനാണ് നീക്കം. ഇത്തരത്തില്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതിനു മുമ്പ് പാര്‍ട്ടി കീഴ്ഘടകങ്ങളോടു വിശദീകരണം തേടി.
വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന ഘടകത്തിന് കൈമാറും. സര്‍ക്കാരിന്റെ നോമിനികള്‍ ഭരിക്കുന്ന ശിശുക്ഷേമ സമിതിക്ക് ജാഗ്രതകുറവുണ്ടായെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. കുട്ടികള്‍ മണ്ണുവാരി തിന്നെന്ന് ചൂണ്ടിക്കാട്ടി ശിശുക്ഷേമ സമിതിയ്‌ക്ക് പരാതി നല്‍കിയ അമ്മ ശ്രീദേവി പിറ്റേദിവസം നിലപാട് മാറ്റി. ബാലാവകാശ കമ്മീഷനും അത്തരമൊരു സംഭവമുണ്ടായില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്കിന്റെ വിശദീകരണവും ഏരിയാ കമ്മിറ്റി ദീപക്കിന്റെ തേടും.കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ആരോപണം ഉയര്‍ന്നതോടെ ശിശുക്ഷേമ സമിതിയും നിലപാട് മാറ്റിയിരുന്നു. മാധ്യമങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് വരുത്താനാണ് ഇപ്പോള്‍ പാര്‍ട്ടി ശ്രമിക്കുന്നത്.
















