കണ്ണൂര്‍: രാജ്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട പട്ടാളക്കാരില്‍ നിന്നു പോലും സ്ത്രീകള്‍ പീഡനം ഏറ്റുവാങ്ങുന്നുവെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി.കെ. ശ്രീമതിയുടെ പരാമര്‍ശം വിവാദമാകുന്നു. സിപിഎം പോഷക സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷന്‍ കണ്ണൂരില്‍ സംഘടിപ്പിച്ച മഹിളാസംഗമം ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിലാണ് ശ്രീമതിയുടെ വിവാദ പരാമര്‍ശം.
ശ്രീമതിയുടെ പ്രസംഗത്തിനെതിരെ പൂര്‍വസൈനിക സേവാ പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘനടകള്‍ രംഗത്തെത്തി. മൂന്നു വര്‍ഷം മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സൈനികര്‍ക്കെതിരെ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. പട്ടാളക്കാര്‍ വഴിയില്‍ കാണുന്നവരെയൊക്കെ വെടിവച്ചു കൊല്ലുമെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നുമായിരുന്നു അന്ന് കോടിയേരിയുടെ പ്രസംഗം. ഈ പ്രസംഗവും കണ്ണൂരില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു.
സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തുന്ന സ്ത്രീപീഡനങ്ങള്‍ മറച്ചുവച്ചാണ് ശ്രീമതി സൈനികരുടെ നേരെ ആക്ഷേപമുന്നയിക്കുന്നതെന്നും സൈനികര്‍ സ്ത്രീപീഡകരാണെന്ന പരാമര്‍ശം പിന്‍വലിച്ച് ശ്രീമതി മാപ്പ് പറയണമെന്നുമുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ ശ്രീമതിക്കെതിരെ നടപടിയെടുക്കണമെന്ന് പൂര്‍വസൈനിക സേവാ പരിഷത്ത് കണ്ണൂര്‍ ജില്ല പ്രസിഡന്റ് പി.ആര്‍. രാജന്‍ ആവശ്യപ്പെട്ടു.
















