തിരുവനന്തപുരം: അന്തര്‍ദേശീയ അമ്പെയ്ത്ത് മത്സരത്തിന് ഡിഞ്ചൂസര്‍ നേപ്പാളിലേക്ക് പോയത് പഴഞ്ചന്‍ വില്ലുമായി. കഴിഞ്ഞ ദിവസം മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഡിഞ്ചൂസറിന്റെ വില്ല് രണ്ടായി മുറിഞ്ഞു. ഒടിഞ്ഞു തൂങ്ങിയ വില്ലുകുലച്ച് ആത്മധൈര്യം കൈവിടാതെ അവന് എയ്തിട്ടത് സ്വര്‍ണപ്പതക്കം. ഇന്ത്യ നേപ്പാള്‍ ആര്‍ച്ചറിയില്‍ നേപ്പാള്‍ ഔട്ട്, ഇന്ത്യക്ക് സ്വര്‍ണം.
രണ്ടറ്റവും ഇന്സുലേഷന് ടേപ്പ് ചുറ്റിയൊട്ടിച്ച വില്ലുമായാണ് ഡിഞ്ചൂസര്‍ രാജ്യാന്തര താരങ്ങളോട് മത്സരിക്കുന്നത്. വിളപ്പില്‍ശാല വാഴവിളാകം പുന്നശ്ശേരി കോണത്ത് വടക്കുംകര പുത്തന്‍വീട്ടില്‍ നിന്ന് കാരോട് ക്ഷീരസംഘത്തിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ഇബനീസര്‍-ഷീല ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് ഡിഞ്ചൂസര്‍. സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബിഎ ചരിത്ര വിദ്യാര്‍ഥി.
കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇബനീസര്‍ തന്റെ ചെറിയ വരുമാനത്തില്‍ നിന്ന് മിച്ചംപിടിച്ച പണം മുടക്കി വഞ്ചിയൂര്‍ അഗ്നി സ്പോര്‍ട്സ് ക്ലബ്ബില്‍ ചേര്‍ത്താണ് മകനെ അമ്പെയ്ത്ത് പരിശീലിപ്പിച്ചത്. ശരവേഗത്തില്‍ സ്വര്‍ണ മെഡലുകള്‍ വാടക വീട്ടിലേക്ക് ഒഴുകിയെത്തി. 2018ല്‍ സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ അമ്പെയ്ത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു ഡിഞ്ചൂസര്‍. ഇക്കഴിഞ്ഞ ഒന്‍പതിന് ദുബായിയില്‍ യുണൈറ്റഡ് നാഷണല്‍ ഗെയിംസ് ഫൗണ്ടേഷന് സംഘടിപ്പിച്ച രാജ്യാന്തര അമ്പെയ്ത്ത് മത്സരത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഡിഞ്ചൂസര്‍ സ്വര്‍ണം നേടിയിരുന്നു.
മൂന്നു വര്‍ഷം മുമ്പ് 10000 രൂപ പലിശയ്ക്കെടുത്ത് അച്ഛന് വാങ്ങിക്കൊടുത്ത അമ്പും വില്ലുമായാണ് മത്സരക്കളങ്ങളിലേക്ക് പോകുന്നത്.
ഉയരത്തിനനുസരിച്ച് പുതിയ അമ്പും വില്ലും നിര്‍മിച്ചു നല്കണമെങ്കില് മൂന്നു ലക്ഷം വേണമെന്നാണ് വില്ല് നിര്‍മാതാക്കള്‍ പറയുന്നത്. ഈ നിര്‍ധന കുടുംബത്തിന് ചിന്തിക്കാന്‍ പോലുമാവാത്ത തുകയാണിത്. പക്ഷേ, ഇനി ഈ ഒടിഞ്ഞ വില്ലുമായി ഡിഞ്ചൂസറിന് മത്സരിക്കാനാവില്ല. സുമനസുകള്‍ കനിഞ്ഞില്ലെങ്കില്‍ നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ അഭിമാനമായ കായിക പ്രതിഭയെ.
നേപ്പാളില്‍ നടന്ന രാജ്യാന്തര മത്സരത്തില്‍ സ്വര്‍ണമെഡലുമായി ഡിഞ്ചൂസര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: