മുംബൈ: വന്‍കിട രാജ്യാന്തര കമ്പനികള്‍ നിക്ഷേപത്തിനായി ഇന്ത്യയിലേക്ക് ചേക്കേറുന്നതായി കേന്ദ്ര സര്‍ക്കാര്‍. കോര്പ്പറേഷന് നികുതിയില്‍ കുറവ് വരുത്തിയതോടെ കമ്പനികള്‍ ചൈനയെ വിട്ട് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. 12 രാജ്യാന്തര കമ്പനികള്‍ ചൈന വിട്ട് ഇന്ത്യയിലേക്കു വരാന്‍ താല്പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് അറിയിച്ചു.
15 ശതമാനമാക്കിയാണ് കോര്‍പ്പറേറ്റ് നികുതി പുതിയതായി കുറച്ചിരിക്കുന്നത്. 2019 ഒക്ടോബര്‍ 1ന് ശേഷം രൂപീകരിക്കുന്ന കമ്പനികള്‍ക്കും 2023 മാര്‍ച്ച് ഒന്നിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനികള്‍ക്കും 25-ല്‍ നിന്ന് 15 ശതമാനവുമായിട്ടാണ് കോര്‍പ്പറേറ്റ് നികുതി കുറച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കൂടാതെ നിലവിലെ കമ്പനികള്‍ക്കുള്ള നികുതി 22-ല്‍ നിന്നു 30 ശതമാനമാക്കിയും കുറച്ചിട്ടുണ്ട്.
നികുതി കുറച്ചതോടെ നിരവധി കമ്പനികള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കു വരാന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്. ഇതില്‍ 12 കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നെന്ന് അറിയാന്‍ ശ്രമിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ സാഹചര്യം മാറ്റിയെടുക്കാനാകും. ചൈനയില്‍ നിന്ന് പുറത്തു കടക്കാന്‍ താല്പര്യമുള്ള കമ്പനികളെ ബന്ധപ്പെടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും നിര്‍മ്മല സീതാരാമന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: