മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തില്‍ എത്തിയിട്ടും തര്‍ക്കം തീരാതെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍. വിശ്വാസവോട്ട് നേടിയെങ്കിലും മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച വിലപേശലുകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ശിവസേനയുമായി സഖ്യത്തിലാകുന്നതില് കോണ്‍ഗ്രസ്സില്‍ നിന്നും നേരത്തെ എതിര്‍പ്പുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.
ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്കു മുന്‍പുതന്നെ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് കക്ഷികള്‍ തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ഏകദേശ ധാരണയിലെത്തുകയും ചെയ്തിരുന്നെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെന്നാണ് സൂചന.
നിയമസഭാ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്കും നല്കാന് നേരത്തെ മൂന്നു കക്ഷികളും ധാരണയിലെത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്കു വേണമെന്ന് കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചതായും എന്‍സിപി ഇത് തള്ളിയെന്നുമാണ് റിപ്പോര്‍ട്ട്.
ഒരു ഉപമുഖ്യമന്ത്രി സ്ഥാനം മാത്രമേ ഉണ്ടാവൂ എന്നും അത് എന്‍സിപിക്ക് ആയിരിക്കുമെന്നുമായിരുന്നു നേരത്തേയുള്ള ധാരണ. എന്നാല്‍ പുതിയ സര്‍ക്കാരില്‍ മൂന്നാംസ്ഥാനം വഹിക്കാന്‍ തങ്ങള്‍ തയാറല്ലെന്ന നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. എന്‍സിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്കുന്നതില് എതിര്‍പ്പില്ല. ഒപ്പം തങ്ങള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല.
മന്ത്രിസഭാ വികസനത്തിലേയ്ക്ക് നീങ്ങുന്നതോടെ ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് സഖ്യകക്ഷികള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ സംസ്ഥാന നേതൃത്വത്തിന് സാധിക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഇരു പാര്‍ട്ടികളുടെയും ദേശീയ നേതൃത്വങ്ങള്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്.
സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനം ഒഴികെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് മൂന്നു പാര്‍ട്ടികള്‍ക്കുമിടയില്‍ ഇതുവരെ ധാരണ ഉണ്ടായിട്ടില്ലെന്നാണ് സൂചന. ഉപമുഖ്യമന്ത്രിസ്ഥാനം കൂടാതെ, ആഭ്യന്തരം, ധനകാര്യം, റവന്യൂ, സഹകരണം- ഗ്രാവികസനം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. വിശ്വാസവോട്ടെടുപ്പിനു തൊട്ടുപിന്നാലെ മന്ത്രിസഭാവികസനം ഉണ്ടാകുമെന്നാണ് നേരത്തെ കരുതിയിരുന്നതെങ്കിലും മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അത് നീണ്ടേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: