ന്യൂദല്‍ഹി: ഒമാനില്‍ തടവിലായിരുന്ന മൂന്ന് മലയാളികളുള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് മോചനം. ഇത് ഇന്ത്യന്‍ നയതന്ത്രത്തിന്റെ വിജയമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന് .
ഒമാന്റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒമാന്‍ പൊതുമാപ്പ് നല്‍കിയതെന്ന് മുരളീധരന് പറഞ്ഞു. നവംബര്‍ 18നായിരുന്നു ഒമാന്റെ ദേശീയ ദിനം.
മലപ്പുറം സ്വദേശി രമേശന് കിനാത്തെരിപറമ്പില്‍, തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍. രമേശന് കിനാത്തെരിപറമ്പില്‍, പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവര്‍ക്ക് ഒരു വര്‍ഷം തടവും ഷിജു ഭുവന ചന്ദ്രന് 10 വര്‍ഷം തടവ് ശിക്ഷയുമാണ് ലഭിച്ചത്. കൊലപാതക കേസിലാണ് ഷിജു ഭുവന ചന്ദ്രന് ശിക്ഷയനുഭവിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: