പയ്യാവൂര്‍: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. ചന്ദനക്കാംപാറയിലെ ചെറുപുഷ്പം എച്ച്എസ്എസിലെ കായികാധ്യാപകന്‍ പാട്ടത്തില്‍ സജിയെയാണ് സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തത്.
അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ ഇതിനെതിരെ ചില രക്ഷിതാക്കള്‍ രംഗത്തുവന്നതോടെയാണ് ആരോപണവിധേയനായ അധ്യാപകനെതിനെ നടപടി സ്വീകരിക്കാന്‍ സ്‌കൂളധികൃതര്‍ തയ്യാറായത്. പീഡനവിവരം പുറത്തായതോടെ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എട്ടോളം വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്.
സ്‌കൂളില്‍ ഗൗരവതരമായ പീഡനം നടന്നുവെന്ന് ബോധ്യപ്പെട്ടതോടെ പോലീസിനോട് കേസെടുക്കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച രേഖകള്‍ പോലീസിന് കൈമാറിയതായും അറിയുന്നു. സംഭവം കൂടുതല്‍ വിവാദമാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് അധ്യാപകനെ സസ്‌പെന്റ് ചെയ്തത്. നേരത്തെ കുട്ടിയില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടും അധ്യാപകനെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്ന് ഈ മേഖലയില്‍ വ്യാപകമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
സ്‌കൂളിലെ എട്ട് വിദ്യാര്‍ത്ഥിനികളെയാണ് കായികാധ്യാപകന്‍ പീഡിപ്പിച്ചത്. എന്നാൽ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരും മാനേജ്‌മെന്റും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബത്തിലും സമ്മര്‍ദ്ദം ചെലുത്തി കേസ് ഒതുക്കാന്‍ ശ്രമം നടത്തുകയാണെന്ന് ബിജെപി ഇരിക്കൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് മണ്ഡലം പ്രസിഡണ്ട് കെ.ജെ. മാത്യു, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി. രമേശന്‍, ജില്ലാ കമ്മിറ്റി അംഗം വി.എന്‍. രവി മണ്ഡലം കമ്മിറ്റി അംഗം സഞ്ജു കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: