ആലപ്പുഴ: ഇടതുഭരണത്തിൽ സഹകരണ മേഖലയിൽ വ്യപകമായ ക്രമക്കേടും അഴിമതിയുമാണ് നടക്കുന്നെതെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ, സംസഥാന സമിതി അംഗം ആർ. ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു. ഭരണസ്വാധീനം ഉപയോഗിച്ച് സഹകരണ മേഖല പിടിച്ചടക്കാനുള്ള ഇടതുപക്ഷ അജണ്ട പ്രകാരം കണിച്ചുകുളങ്ങര സർവ്വീസ് സഹകരണ ബാങ്കിലേക്ക് (No.1179) നടന്ന തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസറുടെ സഹായത്തോടെ വൻ ക്രമക്കേട് കാട്ടി ഇടതുപക്ഷ പാനൽ വിജയിച്ചിരുന്നു. ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി എടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും, അത് നടപ്പാക്കാൻ ജില്ലാ ജോയിന്റ് രജിസ്ട്രാർ തയ്യാറായിട്ടില്ലെന്നും ബിജെപി വ്യക്തമാക്കി.
ബാങ്കിന്റെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി ബാധ്യതകളും മറ്റും റിട്ടേണിങ് ഓഫീസറായിരുന്ന കോ-ഓപ്പറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാറുടെ ഒത്താശയോടു കൂടി മറച്ചുവെച്ചുകൊണ്ടാണ് പലരും തിരഞ്ഞെടുക്കപ്പെട്ടത്. ഭരണസമിതി പ്രസിഡണ്ട് ദിനേശൻ, കണിച്ചുകുളങ്ങര എൽ.സി സെക്രട്ടറി സജിമോൻ, അംഗമായ ആശാ ജയലാൽ എന്നിവരെ അടിയന്തിരമായി ഹിയറിംഗ് നടത്തി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും ഭരണ സ്വാധീനം ഉപയോഗിച്ച് കോ-ഓപ്പറേറ്റീവ് ജില്ലാ ജോയിന്റ് രജിസ്ട്രാർ നടപടി വൈകിപ്പിക്കുകയാണെന്ന് ബിജെപി പറഞ്ഞു.
തിരഞ്ഞെടുപ്പ് ദിവസം വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ട് നടക്കുന്നുവെന്ന് റിട്ടേണിംഗ് ഓഫീസറെ ബോധ്യപ്പെടുത്തിയിട്ടും ഇടതുപക്ഷത്തിന് ഒത്താശ ചെയ്യുന്ന നടപടിയാണ് റിട്ടേണിംഗ് ഓഫീസർ സ്വീകരിച്ചത്. ജില്ലയിൽ ഇടതുപക്ഷം ഭരിക്കുന്ന ഭൂരിഭാഗം സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വ്യാപകമായ ക്രമക്കേടാണ് നടക്കുന്നതെന്നും കൃത്യമായ ഓഡിറ്റ് നടത്തിയാൽ കോടിക്കണക്കിന് രൂപയുടെ അഴിമതി കണ്ടെത്താൻ സാധിക്കുമെന്നും ബിജെപി വ്യക്തമാക്കി.
അഴിമതിക്ക് കൂട്ടുനിന്ന് നടപടികൾ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ബിജെപി നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: