ആലപ്പുഴ: എസ്ഡി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലിയ സംഭവത്തില്‍ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും ഭിന്നത ശക്തമായി. കോളേജ് യൂണിറ്റ് ഭാരവാഹികളെ മാത്രം കേസില്‍ കുടുക്കുകയും സംഘടനയില്‍നിന്നു പുറത്താക്കുകയും ചെയ്തതാണ് പാര്‍ട്ടിയില്‍ ഭിന്നതയ്ക്കിടയാക്കിയത്.
പാര്‍ട്ടി ഓഫീസിലേക്ക് വരുമ്പോള്‍ ഇവരെ ചില നേതാക്കള്‍ തന്നെ പോലീസിന് ഒറ്റു കൊടുക്കുകയായിരുന്നു എന്ന വിവരവും അണികളില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കുതിരപ്പന്തി പ്രദേശത്തു നിരവധി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടു നില്ക്കാന് തീരുമാനിച്ചതായാണ് വിവരം.
അതിനിടെ കേസില്‍ പ്രതികളാകുകയും റിമാന്‍ഡിലാകുകയും ചെയ്ത വിദ്യാര്‍ത്ഥികളെ കോളേജില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. കോളേജിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സസ്പെന്ഷന്. എസ്എഫ്ഐ എസ്ഡി കോളേജ് യൂണിറ്റ് സെക്രട്ടറി അജയ് ചക്രവര്‍ത്തി, അഭിജിത്ത് എന്നിവരെയാണ് കോളേജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്.
കോളേജ് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചേരിതിരഞ്ഞു തമ്മില്‍ത്തല്ലിയത്. കോളേജിന്റെ നേതൃത്വത്തില്‍ മൂന്നംഗ അധ്യാപകരാണ് അന്വേഷണം നടത്തുന്നത്. ഇവരോടു രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: