കൊച്ചി : ശബരിമല ദര്‍ശനം നടത്താന്‍ തൃപ്തി ദേശായി കേരളത്തിലെത്തി. പുലര്‍ച്ചെ നാലരയോടെ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുകയായിരുന്നു. നാലംഗ സംഘത്തിനൊപ്പമാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരിയില്‍ എത്തിയത്.
ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിക്കൊപ്പമുണ്ട്.
ആലുവ റൂറല്‍ എസ്പി ഓഫീസില്‍ എത്തി ശബരിമല ദര്‍ശനം നടത്തണമെന്ന് സംഘം ആവശ്യപ്പെടുകയായിരുന്നു. കോടതി ഉത്തരവുമായാണ് ശബരിമലയില്‍ പോകുന്നതെന്ന് തൃപ്തി ദേശായി അറിയിച്ചു. ശബരിമലയില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം എഴുതി നല്കിയാല് മടങ്ങുമെന്നും തൃപ്തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എന്ത് കൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കോടതി ഉത്തരവുമായെത്തിയ തന്നെ പോലീസ് തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകുമെന്നും തൃപ്തി പറഞ്ഞു.
അതേസമയം ഇവര്‍ ആലുവ കമ്മിഷണര്‍ ഓഫീസില്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ്. ശബരിമലയിലേക്ക് പുറപ്പെടാനുള്ള സംരക്ഷണം നല്‍കണമെന്നതാണ് തൃപ്തിയുടേയും സംഘത്തിന്റേയും ആവശ്യം. തൃപ്തി കമ്മിഷണര്‍ ഓഫീസില്‍ ഉണ്ടെന്ന് പ്രദേശത്ത വന്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. നാമജപവുമായാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.
കമ്മിഷണര്‍ ഓഫിസില്‍ നിന്നും നാമജപ പ്രതിഷേധക്കാരെ നീക്കാനാനായി പോലീസ് ശ്രമം നടത്തി വരികയാണ്. എന്നാല്‍ തൃപ്തിയും സംഘവും ശബരിമലയിലേക്ക് തന്നെ പോകുമെന്ന നിലപാടിലാണ്. നവംബര്‍ 20 ന് ശേഷം ശബരിമല സന്ദര്‍ശിക്കാന്‍ താന്‍ എത്തുമെന്ന് നേരത്തെ തൃപ്തി ദേശായി പ്രഖ്യാപനം നടത്തിയിരുന്നു.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാല്‍ ശബരിമല കര്‍മ്മസമിതി അടക്കമുള്ള സംഘടനകളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെയായിരുന്നു തൃപ്തി ദേശായി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: