കണ്ണൂര്‍: കനകമല ഭീകരവാദക്കേസില്‍ വിധി നാളെ. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കനകമലയില്‍ ഐഎസ് അനുകൂല രഹസ്യയോഗം ചേര്‍ന്നതിനാണ് കേസ്. എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പറയുക.
രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല രഹസ്യയോഗം കനകമലയില്‍ സംഘടിപ്പിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി രണ്ടുകുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. കോഴിക്കോട് സ്വദേശി മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി, ചേലക്കര സ്വദേശി യൂസഫ് ബിലാല്‍ എന്ന ടി സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി റാഷിദ് എന്ന അബു ബഷീര്‍, കുറ്റ്യാടി സ്വദേശി ആമുവെന്ന റംഷാദ് നങ്കീലന്, തിരൂര്‍ സ്വദേശി സഫ്വാന്, കുറ്റ്യാടി സ്വദേശി എന്‍ കെ ജാസീം, കോഴിക്കോട് സ്വദേശി സജീര്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്, കാഞ്ഞങ്ങാട് സ്വദേശി പി കെ മൊയ്നുദ്ദീന് എന്നിവരാണ് പ്രതികള്‍.
ഇതില്‍ ഷജീര്‍ ഒളിവിലും, സുബ്ഹാനിയുടെ വിചാരണ പൂര്‍ത്തിയായിട്ടുമില്ല. ഒളിവിലായ ഷജീര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ഇവരൊഴികെയുള്ള എഴു പ്രതികള്‍ക്കുള്ള ശിക്ഷയാണ് എന്‍ഐഎ കോടതി വിധിക്കുക.
2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐഎസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് കേസ്. കലാപ ലക്ഷ്യത്തോടെ കേരളത്തില്‍ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്ഫോടനങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളും നടത്തി. ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയതും കുറ്റപത്രത്തിലുണ്ട്.
70 സാക്ഷികളെ വിസ്തരിച്ചു. രാജ്യദ്രോഹക്കുറ്റം, ഗൂഡാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊടൈക്കനാലില്‍ അവധിയാഘോഷിക്കാനെത്തുന്ന ജൂതരെയും ആക്രമിക്കാന്‍ ഭീകരവാദികള്‍ ആസൂത്രണം ചെയ്തതിന്റെ തെളിവുകളും എന്‍ഐഎ കോടതിയില്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: