ബത്തേരി: ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയെ ചികിത്സിച്ച ബത്തേരി താലൂക്കാശുപത്രിയിലെ ഡോക്ടര്‍ ജിസ മുന്‍കൂര്‍ ജാമൃത്തിനായി ഹൈക്കോടതിയിലേക്ക്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം തേടി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യും. ജില്ലാ കോടതി നേരിട്ട് സംഭവ സ്ഥലം പരിശോധിച്ചതിനാല്‍ അവിടെ അപേക്ഷ നല്‍കണ്ടന്നും ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നുമുള്ള നിയമോപദേശമാണ് ലഭിച്ചത്. മരുന്നുകളുടെ അഭാവവും മറ്റ് അസൗകര്യങ്ങളും പ്രതിസന്ധിയായി എന്ന് കോടതിയില്‍ വിശദീകരിക്കാനാണ് നിയമോപദേശം ലഭിച്ചത്.
അതേസമയം മരിച്ച ഷഹല ഷെറിന് നല്കാന് ബത്തരി താലൂക്ക് ആശുപത്രിയില്‍ ആന്റി വെനം ആവശ്യത്തിന് ഇല്ലായിരുന്നുവെന്ന ഡോക്ടര്‍ ജിസയുടെ ആരോപണം തളളി ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും രംഗത്തെത്തിയിരുന്നു. ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം ആന്റി വെനം ആവശ്യത്തിനുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള വ്യക്തമാക്കിയിരുന്നു.
കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് അയച്ച വിവരം ആശുപത്രി സൂപ്രണ്ടിനെ അറിയിക്കുക പോലും ചെയ്യാതിരുന്ന ഡ്യൂട്ടി ഡോക്ടര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ‘ഷഹലയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 25 ഡോസ് ആന്റി വെനം അവിടെ ഉണ്ടായിരുന്നു. മുതിര്‍ന്ന ഒരാള്‍ക്ക് പോലും 10 ഡോസ് ആന്റി വെനമാണ് ആദ്യം കൊടുക്കുക. കൂടുതല്‍ ആവശ്യമെങ്കില്‍ ജില്ലാ ആശുപത്രിയില്‍ നിന്നോ മറ്റ് പ്രധാന ആശുപത്രികളില്‍ നിന്നോ എത്തിക്കാമായിരുന്നു’. രണ്ട് വെന്റിലേറ്ററില്‍ ഒന്ന് മാത്രമാണ് പ്രവര്‍ത്തിക്കാത്തതെന്നും ഡിഎംഒ ഡോ.രണുക പറഞ്ഞു.
കുട്ടി മരിച്ചതിന് പിന്നാലെ ജിസയുള്പ്പടെ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഒളിവില്‍ പോയ ഇവരെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ, ഹെഡ്മാസ്റ്റര് മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ കരുണാകരന്, അധ്യാപകന് ഷിജില്‍ എന്നിവരാണ് ഒളിവില്‍ പോയത്. ഇവരുടെ വീട്ടിലെത്തിയ അന്വേഷണസംഘം മൊഴിയെടുക്കാനാവാതെ മടങ്ങി. സ്ഥലത്തില്ല എന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. എത്തിയാല്‍ ഉടന്‍ പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷഹലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: