റാന്നി: എംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാന വേദിയാക്കി ആരംഭിച്ച റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിനെത്തിയ മത്സരാര്‍ഥികള്‍ക്കു പറയാന്‍ ഒന്നു മാത്രം; ഇതിലും ഭേദം പട്ടിണി ഇരിക്കുകയായിരുന്നു. എംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും മുക്കാല്‍ കിലോമീറ്ററോളം ദൂരത്ത് പമ്പാ നദിക്കരയിലുള്ള എംഎസ് ടിടിഐയിലാണ് കലവറയും ഭക്ഷണശാലയും അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുള്ളത്.
വേദികളില്‍ നിന്ന് ഭക്ഷണശാലയില്‍ എത്തുക എന്നത് ദൂരക്കൂടുതലിനൊപ്പം ഏറെ ദുഷ്ക്കരവുമാണ്. കലോത്സവത്തിന് വിവിധ സ്കൂളുകളില്‍ നിന്ന് എത്തിയവരുടേതും കലോത്സവം കാണാനെത്തിയവരുടേതുമായ വാഹനങ്ങള്‍ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഓരത്ത് പാര്‍ക്കു ചെയ്തതു മൂലം ഗതാഗതക്കുരുക്ക് ഉണ്ടായതും മത്സരാര്‍ഥികള്‍ക്ക് ദൂരത്തുള്ള ഭക്ഷണ ശാലയിലേക്കു പോകാന്‍ തടസമായി.
പ്രധാന റോഡു വിട്ടാല്‍ പിന്നെ കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം ഒരു സമയം പോകാന്‍ കഴിയുന്നത്ര വീതിയേ ഉണ്ടായിരുന്നുള്ളു. അതും ചെളിയും വെള്ളവും നിറഞ്ഞ വഴിയും. അതിനാല്‍ വാഹനത്തില്‍ പോയി ഭക്ഷണം കഴിച്ചു മടങ്ങാന്‍ കഴിയുമായിരുന്നില്ല. പിന്നീടു നടപ്പു മാത്രമായി ശരണം. പൊരിവെയിലില്‍ ആദ്യമൊക്കെ കുറച്ചു കുട്ടികള്‍ ഭക്ഷണശാലയില്‍ പോയെങ്കിലും പലരും പിന്നീട് ആ ഉദ്യമം ഉപേക്ഷിച്ചു. ഉച്ചയോടെ മഴ തകര്‍ത്തു പെയ്തതോടെ വയല്‍ റോഡില്‍ മൂന്നടിയോളം വെള്ളം ഉയര്‍ന്ന് ഇതുവഴിയുള്ള യാത്ര മുടങ്ങി.
പെരുമ്പുഴ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും കെഎസ്ഇബിക്കു സമീപത്തു കൂടിയുള്ള റോഡിലൂടെ വേണം ടിടിഐയിലേക്കു പോകേണ്ടിയിരുന്നത്. ചെറിയ ഒരു മഴ പെയ്താല്‍ പോലും ദിവസങ്ങളോളം വെള്ളവും ചെളിയും നിറഞ്ഞു കിടക്കുന്ന റോഡ് ഭക്ഷണശാലയിലേക്കുള്ള പലരുടേയും യാത്ര മുടക്കി. കൂപ്പണ്‍ വാങ്ങാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണുണ്ടായത്. കുട്ടികളും അധ്യാപകരും ഭക്ഷണശാലയിലേക്കുള്ള ദുരിതയാത്ര ഭയന്ന് സമീപത്തെ കടകളെയാണ് ആശ്രയിച്ചത്.
റവന്യൂ ജില്ലാ കലോത്സവത്തില്‍ ഭക്ഷണശാലയ്ക്കുള്ള സ്ഥലം കണ്ടെത്തിയത് ആന മണ്ടത്തരമായെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഒരേ പോലെ സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: