ശ്രീമദ്ശങ്കരദേവശ്ച ബന്ധു സായണമാധവൗ
ജ്ഞാനേശ്വരസ്തുകാരാമോ രാമദാസഃ പുരന്ദരഃ
മഹാരാഷ്‌ട്രയിലെ ശ്രേഷ്ഠ സംന്യാസിയായ തുകാറാം വിഢലഭക്തരുടെ കുടുംബത്തിലാണ് ജനിച്ചത്. ഇദ്ദേഹം കുനബി ജാതിക്കാരനായിരുന്നു. മുളക്, മസാല എന്നിവയുടെ വ്യാപാരം നടത്തിയായിരുന്നു ഉപജീവനം. അദ്ദേഹം ഗൃഹസ്ഥനായിരുന്നിട്ടും വിരക്തി ജീവിതമാണ് നയിച്ചിരുന്നത്. കുടുംബാംഗങ്ങളുടെ അകാല മരണവും സംസാരദുഃഖങ്ങളുടെ നിരര്‍ഥകതയെക്കുറിച്ചുള്ള അറിവും അദ്ദേഹത്തെ വൈരാഗ്യത്തിലെത്തിച്ചു. ധ്യാനസാധനകളില്‍ പൂര്‍ണമായും മുഴുകി.
തുകാറാമിന് ബാബാജി ചൈതന്യ എന്ന സിദ്ധന്‍ രാമകൃഷ്ണഹരി എന്ന മന്ത്രം ഉപദേശിക്കുകയും നാമദേവന്‍ എന്ന സംന്യാസിവര്യന്‍ സ്വപ്‌ന ദര്‍ശനം നല്‍കി, കാവ്യം രചിക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. മഹാരാഷ്‌ട്രയിലെ ജനസഹസ്രങ്ങളുടെ നാവില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന അയ്യായിരത്തിലധികം മനോഹരങ്ങളായ കീര്‍ത്തനങ്ങള്‍ അദ്ദേഹം രചിച്ചു. ഇവയെല്ലാം തന്നെ തന്റെ ആരാധ്യദേവനായ വിഢലനാഥനോടുള്ള ഭക്തിപൂര്‍വമായ നിവേദനങ്ങളാണ്. തുകാറാം സാമൂഹ്യ പ്രാര്‍ഥനയുടെ മഹത്വം മനസ്സിലാക്കി അതിന് പ്രചാരം നല്‍കി. അദ്ദേഹത്തിന്റെ സുഭാഷിതങ്ങളെല്ലാം തന്നെ ജീവിതത്തെ കൂടുതല്‍ സ്വസ്ഥവും സുദൃഢവുമാക്കാനുതകുന്ന ഭക്തി പ്രചാരകനായിരുന്ന തുക്കാറാം തന്റെ അമൃതതുല്യമായ വാക്കുകളാല്‍ ജനഹൃദയങ്ങളെ ഭക്തിസാന്ദ്രമാക്കി.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















