ആലപ്പുഴ: സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ ഓഡിറ്റിങ്ങിൽ വ്യാപക ക്രമക്കേട് കണ്ടുപിടിച്ച ആര്യാട് പഞ്ചായത്തിൽ വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ എൽഡിഎഫ്-യുഡിഎഫ് പരസ്പര ധാരണയെന്ന് ബി.ജെ.പി. പരസ്പര സഹകരണത്തോടു കൂടിയുള്ള അഴിമതികളാണ് ഇന്ന് ആര്യാട് പഞ്ചായത്തിൽ നടക്കുന്നത്. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ സെക്രട്ടറി ലീവിൽ പോയതും പിന്നീട് പഞ്ചായത്തുതന്നെ വിട്ടുപോയതും ഇവിടുത്തെ അഴിമതിയുടെ തീവ്രത വ്യക്തമാക്കുന്നുവെന്ന് ആലപ്പുഴ നിയോജക മണ്ഡലം അദ്ധ്യക്ഷൻ ജി. വിനോദ് കുമാർ പറഞ്ഞു.
ഇടത് ഭരണകാലത്ത് അഴിമതി നടന്ന പല പദ്ധതികളിലും വർക്ക് എടുത്തിരുന്നത് എൽഡിഎഫ് നേതാക്കൾ ആയിരുന്നു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ മെയിന്റനൻസിന്റെ കൺവീനർ പാർട്ടി ലോക്കൽ കമ്മിറ്റി മെമ്പർ എന്നത് തന്നെ ഒരു ഉദാഹരണം. അതിൽ അളവുകൾ തെറ്റായി രേഖപ്പെടുത്തി കൺവീനർക്ക് അധിക തുക നൽകിയത് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അംഗനവാടികൾക്ക് കൊടിമരം സ്ഥാപിക്കാൻ എന്ന പേരിൽ കേരളത്തിൽ എങ്ങും കേട്ടുകേൾവി ഇല്ലാത്ത പദ്ധതിക്ക് നൽകിയത് പതിനായിരങ്ങളാണ്. അതിൽ തന്നെ പകുതിയിലധികം രൂപ അളവുകളിൽ കൃത്രിമം കാണിച്ച് അധികം നൽകിയതായി ഓഡിറ്റിൽ പറഞ്ഞിട്ടുണ്ട്. എ.എസ് കനാലിൽ വള്ളം, ബോട്ട്, ജാക്കറ്റ് പദ്ധതിയിലും അഴിമതി നടന്നു എന്നും വള്ളവും ബോട്ടും എവിടെ എന്ന് പോലും വിവരമില്ല എന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
തുടർന്ന് അധികാരത്തിൽ എത്തിയ എൽ.ഡി.എഫ് പഞ്ചായത്തിൽ നടത്തുന്ന അഴിമതികൾക്കു നേരെ കോൺഗ്രെസ്സ് കണ്ണടയ്‌ക്കുന്നതിനു പിന്നിൽ കഴിഞ്ഞ ഭരണകാലത്തെ അഴിമതിയാണ്. പരസ്പര സഹകരണത്തോടു കൂടിയുള്ള അഴിമതികളാണ് ഇന്ന് ആര്യാട് പഞ്ചായത്തിൽ നടക്കുന്നത്. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ സെക്രട്ടറി ലീവിൽ പോയതും പിന്നീട് പഞ്ചായത്തുതന്നെ വിട്ടുപോയതും ഇവിടുത്തെ അഴിമതിയുടെ തീവ്രത വ്യക്തമാക്കുന്നു. ആര്യാട് പഞ്ചായത്തിൽ എൽഡിഎഫ് – യുഡിഎഫ് സഖ്യം നടത്തിയ അഴിമതികളെ കുറിച്ച് സമഗ്ര വിജിലൻസ് അന്വേഷണം ഉടൻ നടത്തണമെന്നും അത് അട്ടിമറിക്കാൻ ശ്രമിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി ബിജെപി രംഗത്തു വരുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി. സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് റാം സുന്ദർ, എന്നിവർ സംസാരിച്ചു.
















