കണ്ണൂര്‍: പഴശ്ശി കോവിലകത്തെ സംരക്ഷിതസ്മാരക പട്ടികയില്‍ നിന്നൊഴിവാക്കിയ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തം. സിപിഎം നേതൃത്വത്തിലുള്ള സംരംഭത്തിനായി കോവിലകവും സ്ഥലവും വിലയ്‌ക്കെടുക്കാനുള്ള ശ്രമം പ്രാവര്‍ത്തികമാക്കാനുള്ള നീക്കമാണ് പിന്നിലെന്നാണ് ആരോപണം.
പഴശ്ശി രാജാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ബാക്കിയായ ഒരേയൊരു ശേഷിപ്പാണ് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള 113 വര്‍ഷം പഴക്കമുള്ള പടിഞ്ഞാറെ കോവിലകം എന്ന പഴശ്ശി കോവിലകം. സവിശേഷമായ വാസ്തുമാതൃകകൊണ്ട് ശ്രദ്ധേയമായ കോവിലകം കാലപ്പഴക്കത്താല്‍ ഭാഗികമായി തകര്‍ന്നപ്പോള്‍ പൊളിച്ചുവില്‍ക്കാന്‍ ഉടമസ്ഥര്‍ ഒരുങ്ങി. ഈ സമയം കോവിലകം കൈവശപ്പെടുത്താന്‍ സ്വകാര്യ വ്യക്തികള്‍ ശ്രമിച്ചു. ഇതിനിടയിലാണ് ആയുര്‍വേദ ആശുപത്രി തുടങ്ങാന്‍ കോവിലകം വിലയ്‌ക്കെടുക്കാന്‍ സിപിഎം നീക്കം നടത്തിയത്. തുടര്‍ന്നാണ് നാട്ടുകാരുടെയും മാധ്യമങ്ങളുടെയും ഇടപെടലുണ്ടാവുകയും സംരക്ഷിതസ്മാരകമാക്കണമെന്ന ആവശ്യമുയരുകയും ചെയ്തത്. സംരക്ഷിതസ്മാരക പട്ടികയില്‍ നിന്നൊഴിവാക്കിയത് പാര്‍ട്ടിയുടെ മുന്‍ ഉദ്ദേശ്യം നടപ്പാക്കാനാണെന്നാണ് സംശയം.
കേരളത്തിലെ പന്ത്രണ്ട് ചരിത്രസ്മാരകങ്ങളെ സംരക്ഷിത സ്മാരകങ്ങളായി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം പുറത്തിറക്കിയ ശേഷം അതില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പഴശ്ശി കോവിലകത്തെ ഒഴിവാക്കിയത്. 1805 ല്‍ കേരള വര്‍മ്മ പഴശ്ശിരാജ വീരമൃത്യു വരിച്ചശേഷം 1903 ലാണ് അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ പഴശ്ശി പടിഞ്ഞാറെ കോവിലകം നിര്‍മിച്ചത്. കോവിലകത്തിന്റെ അവകാശിയായിരുന്ന ഗോപാലിക തമ്പുരാട്ടി 2005ല്‍ നാടുനീങ്ങിയതോടെ ഇവിടെ താമസിക്കാന്‍ ആളില്ലാതായി.
കോവിലകം ഏറ്റെടുത്ത് സ്മാരകമാക്കി പഴശ്ശി രാജാവിന്റെ യുദ്ധസമരചരിത്രങ്ങളുടെ അവശിഷ്ടങ്ങളുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കി പഠന ഗവേഷണത്തിനും വിനോദ സഞ്ചാരത്തിനുമുള്ള ടൂറിസം പദ്ധതിയും ചരിത്രപഠനഗവേഷണ കേന്ദ്രവും സ്ഥാപിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.
















