ദേവലോ രവിദാസശ്ച കബീരോ ഗുരുനാനകഃ
നരസിസ്തുളസീദാസോ ദശമേശോ ദൃഢവ്രതഃ
സിഖ് മതത്തിലെ ഒമ്പതാമത്തെ ഗുരു തെഗ്ബഹാദൂറിന്റെ പുത്രനാണ് ഗുരു ഗോവിന്ദസിംഹന്‍. ഇദ്ദേഹം അക്രമികളായ മുഗള്‍ ചക്രവര്‍ത്തിമാരോട് എതിരിടുവാനായി കേശ്ഗഢി (ആനന്ദപൂര്‍) ല്‍ ഖാത്സാ എന്ന പേരില്‍ ഒരു സൈന്യത്തിനു തന്നെ രൂപം നല്‍കി. ധര്‍മരക്ഷയ്‌ക്കായി സ്വയം ഉഴിഞ്ഞു വെച്ച ഈ യോദ്ധാക്കളെ ഗോവിന്ദരായര്‍സിംഹങ്ങള്‍ എന്നു വിളിച്ചു. അങ്ങനെ അദ്ദേഹം സ്വന്തം പേരിനോടു കൂടെയും സിംഹം എന്നു ചേര്‍ത്ത് ഗുരുഗോവിന്ദസിംഹന്‍ എന്ന പേരില്‍ പ്രസിദ്ധനായി. ഇദ്ദേഹം ഹൈന്ദവ സമൂഹത്തില്‍ ക്ഷാത്രവീര്യം ഉണര്‍ത്തുകയും അവരെ ഒന്നിപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ രണ്ടു പുത്രന്മാര്‍ മുഗള്‍സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരചരമം പ്രാപിക്കുകയും മറ്റു രണ്ടു പേര്‍ ധര്‍മത്തിനു വേണ്ടി ബലിയര്‍പ്പിക്കപ്പെടുകയും ചെയ്തു. സര്‍ഹിന്ദ് നവാബ് ഇവരെ തടവു പുള്ളികളാക്കി. ഇസ്ലാം മതം സ്വീകരിക്കുവാന്‍ വളരെയധികം നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ പതിനൊന്നും പതിമൂന്നും വയസ്സു മാത്രം പ്രായമായ ആ വീരപുത്രന്മാര്‍ തങ്ങളുടെ ജീവന്‍ പോകുമെന്നറിഞ്ഞിട്ടു
പോലും ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായില്ല. ഗുരു ഗോവിന്ദസിംഹന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരില്‍ താണജാതിയില്‍ പെട്ടവരും ഉള്‍പ്പെട്ടിരുന്നു. പത്താമത്തെ ഗുരുവായ ഇദ്ദേഹം ഒരേ സമയം മതസ്ഥാപകനും വീരനായ സേനാധിപതിയും യോദ്ധാവും കവിയുമായിരുന്നു. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ വിചിത്രനാടകം, അകാലസ്തുതി, ചൗബീസ് അവതാര കഥ, ചണ്ഡീചരിത്രം എന്നിവ പ്രസിദ്ധങ്ങളാണ്. ചൗബീസ് അവതാരകഥ, എന്ന കാവ്യത്തിലെ ഒരു ഭാഗമായ രാമാവതാര കഥ ഗോവിന്ദരാമായണം എന്ന പേരിലും പ്രസിദ്ധമാണ്. ഇദ്ദേഹം മഹാരാഷ്‌ട്രത്തിലെ നാന്ദേടക ക്ഷേത്രത്തില്‍ വസിച്ചിരുന്ന കാലത്ത് അവിശ്വാസികളായ രണ്ടു പഠാന്മാര്‍ അവിടെയെത്തി അദ്ദേഹത്തെ ആക്രമിച്ചു. അതിനു ശേഷം കുറച്ചു കാലത്തിനുള്ളില്‍ തന്നെ അദ്ദേഹം അന്തരിച്ചു. സിഖ് സമൂഹത്തെ ധീരന്മാരാക്കുന്നതില്‍ ഗുരുഗോവിന്ദ സിംഹന്റെ പങ്ക് അദ്വിതീയമാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















