തിരുവനന്തപുരം: സ്വന്തമായി ഭവനമില്ലാത്തവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഫ്ലാറ്റ് നിര്‍മിച്ചു നല്‍കുന്ന സംരംഭം നഗരസഭ വീണ്ടും തട്ടിക്കൂട്ടുന്നു. 15 ആണ് അപേക്ഷകരുടെ ലിസ്റ്റില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി നല്‍കേണ്ട അവസാന തീയതി. അതുകൊണ്ടുതന്നെ പാര്‍ട്ടി ചട്ടക്കൂടില്‍ വേണ്ടപ്പെട്ടവരെ ലിസ്റ്റില്‍ തിരുകിക്കയറ്റാനുളള നടപടികള്‍ ദ്രുതഗതിയിലാകുകയാണ്.
കഴിഞ്ഞ മാസം 27 നാണ് വാര്‍ഡ് തലത്തില്‍ വസ്തുവും വീടും ഇല്ലാത്തവരുടെ ലിസ്റ്റുകള്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി നല്‍കാന്‍ കൗണ്‍സിലമാര്‍ക്ക് അറിയിപ്പ് നല്‍കിയത്. ഇതനുസ്സരിച്ച് ലിസ്റ്റുകള്‍ നല്‍കിയെങ്കിലും നഗരസഭാ അധികൃതരുടെ പരിശോധനയ്‌ക്ക് ശേഷം വെരിഫിക്കേഷന് വേണ്ടി ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഭവനമില്ലാത്ത അര്‍ഹതപ്പെട്ട പലരുടേയും പേരുകള്‍ ലിസ്റ്റില്‍ നിന്ന് അപ്രത്യക്ഷമാകുകയാണുണ്ടായത്. ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലാണ് ഇത്തരത്തില്‍ മറിമായം നടത്തിയിരിക്കുന്നത്. സിപിഎം കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ ബിജെപി അനുഭാവികളായവരുടെ പേരുകളും ലിസ്റ്റില്‍ നിന്നും വെട്ടിനിരത്തി.
ബിജെപി പ്രതിനിധിയുള്ള മണക്കാട് വാര്‍ഡില്‍ തൊളളായിരത്തോളം പേരുടെ ലിസ്റ്റാണ് കൗണ്‍സിലര്‍ നല്‍കിയത്. എന്നാല്‍ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ അഞ്ഞൂറിലധികംപേര്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി. ഇടതുഅനുഭാവമുള്ളവരെ നിലനിര്‍ത്തി മറ്റുള്ളവരെ പുറത്താക്കുകയായിരുന്നു. പല സിപിഎം വാര്‍ഡുകളിലും ബിഎസ്‌യുപി പദ്ധതിപ്രകാരം ഫ്ലാറ്റ് ലഭിച്ചവര്‍ പുതിയ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ട്. പുതിയ ലിസ്റ്റില്‍ കൗണ്‍സിലര്‍മാര്‍ നല്‍കിയ അര്‍ഹതപ്പെട്ടവരുടെ പേരുകള്‍ ഒഴിവാക്കുന്നത് സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടലിലൂടെയാണ്. പല വാര്‍ഡുകളിലും കുടുംബശ്രീ യൂണിറ്റുകളിലെ എഡിഎസിന്റെ ബന്ധുക്കള്‍വരെ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ട്.
പലയിടത്തും സിപിഎം പാര്‍ട്ടിക്കാരായ ഒരു വീട്ടിലെ എല്ലാ അംഗങ്ങളും തരംതിരിച്ചാണ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്. മണക്കാടിന് സമീപത്തെ മറ്റൊരു വാര്‍ഡില്‍ എഡിഎസിന്റെ മരുമകളും ലിസ്റ്റില്‍ കടന്നുകൂടി. എഡിഎസിനും അവരുടെ മകനും പ്രത്യേകം വീടുണ്ടായിരിക്കേയാണ് മകന്റെ ഭാര്യയുടെ പേരില്‍ വീട് തട്ടിയെടുക്കാനൊരുങ്ങുന്നത്. നഗരസഭാ ഭരണം തീരുന്നതിന് മുമ്പ് ലക്ഷങ്ങള്‍ വാങ്ങി അനര്‍ഹരെയും പാര്‍ട്ടിക്കാരേയും പരമാവധി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമായിരിക്കുന്നത്.
















