പെരിയ: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുന്നതിനാല്‍ പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിര്‍മിക്കാനിരുന്ന 110 കെ.വി സബ്‌സ്‌റ്റേഷന് പണം അനുവദിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ധനകാര്യ വകുപ്പാണ് ഈ കാര്യം അറിയിച്ച് സര്‍വകലാശാല അധികൃതര്‍ക്ക് കത്തയച്ചത്. കെ.കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ശുപാര്‍ശക്കത്ത് അടങ്ങുന്ന അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ തള്ളുകയായിരുന്നു.
നിലവില്‍ മൈലാട്ടി, മാവുങ്കാല്‍ സബ്‌സ്‌റ്റേഷനുകളില്‍നിന്നാണ് പെരിയയിലേക്കും സമീപപ്രദേശങ്ങളിലേക്കുമുള്ള വൈദ്യുതി എത്തിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍വകലാശാലയുടെ വരവോടെ ഒട്ടേറെ സ്ഥാപനങ്ങള്‍ ആരംഭിച്ച പെരിയയില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് രണ്ട് ഏക്കര്‍ ഭൂമി പുതിയ സബ്‌സ്‌റ്റേഷന്‍ നിര്‍മിക്കാനായി വൈദ്യുതി ബോര്‍ഡിനു വിട്ടുനൽകാന്‍ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചത്. ഒന്‍പതരക്കോടി രൂപയുടെ പദ്ധതി കെഎസ്ഇബി സര്‍ക്കാരിന് നല്‍കി.
അനുദിനം അടിസ്ഥാന സൗകര്യ വികസനം നടന്നുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍വകലാശാല അടങ്ങുന്ന പെരിയയില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം കൂടുതലാണ്. സര്‍വകലാശാല വിട്ടുനല്‍കിയ സ്ഥലത്ത് സബ്‌സ്‌റ്റേഷന്‍ പണിതാല്‍ പുതിയ സബ് സ്‌റ്റേഷനുവേണ്ടി ലൈന്‍ വലിക്കേണ്ടിവരില്ല. കാരണം നിലവില്‍ 220 കെ.വി. ലൈന്‍ അതുവഴി കടന്നു പോകുന്നുണ്ട്. ബേക്കല്‍ ടൂറിസം പദ്ധതിക്ക് അടക്കം ഉപകാരപ്രദമായേനെ സബ്‌സ്‌റ്റേഷന്‍. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയിപ്പൊന്നും കിട്ടിയില്ലെന്നാണ് പെരിയയിലെ കെഎസ്ഇബി അധികൃതര്‍ പറയുന്നത്.
















