കാസര്‍കോട്: ജില്ലയിലെ കന്നഡ മീഡിയം സ്‌കൂളുകളില്‍ കന്നഡ അറിയാത്ത അദ്ധ്യാപകരുടെ നിയമനം അവസാനിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കണമെന്നും, ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.
ഭാഷാ ന്യൂനപക്ഷമായ കന്നട മാധ്യമ സ്‌കൂളുകളില്‍ കന്നട അറിയാത്ത അദ്ധ്യാപകന്മാരെ നിയമിച്ചതുമായി ബദ്ധപ്പെട്ട വിഷയം ജില്ലാ പഞ്ചായത്ത് ഭരണ സമിതി പലതവണ ചര്‍ച്ച ചെയ്തതാന്നെങ്കിലും ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. ഏറ്റവും അവസാനം ഒക്‌ടോബര്‍ 29ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ എടുത്ത തീരുമാന പ്രകാരം ഇത്തരം അദ്ധ്യാപകന്മാരെ നിയമിക്കരുതെന്ന് യോഗം ബദ്ധപ്പെട്ട ഡിഡിഇയ്‌ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പക്ഷെ ഈ നിര്‍ദ്ദേശം കാറ്റില്‍ പറത്തി കൊണ്ട് ഹൊസ്ദുര്‍ഗ്ഗ് ഹൈസ്‌കൂളില്‍ നിയമനം ലഭിച്ചയാള്‍ ജോലിയില്‍ പ്രവേശിപ്പിക്കുകയും മൂടംബൈയല്‍ സ്‌കൂളില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്‌കൂളില്‍ പ്രവേശിക്കാന്‍ നിയമിക്കപ്പെട്ടയാള്‍ ശ്രമിക്കുകയും ചെയ്തതായി ശ്രീകാന്ത് ആരോപിച്ചു.
ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദ്ദേശത്തിന്റെ ലംഘനവും ഭരണസമിതിയെ അവഹേളിക്കലുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒക്‌ടോബര്‍ 29ന്റെ ഭരണ സമിതി യോഗ തീരുമാന പ്രകാരം നവംബര്‍ 2ന് പൊതുവിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനെ നേരില്‍ കണ്ട് ഈ വിഷയത്തില്‍ ഇടപ്പെടാന്‍ ആവശ്യപ്പെടാനും തീരുമാനിച്ച പ്രകാരം മന്ത്രിയെ കാണുകയും ചെയ്തിരുന്നു. പക്ഷെ മന്ത്രി ഈ കാര്യത്തില്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തതിനാല്‍ ഈ വിഷയം ജില്ലാ പഞ്ചായത്ത് ഭരണ സമിതി വളരെ ഗൗരവത്തില്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള പിഎസ്‌സിയും സംസ്ഥാന സര്‍ക്കാരും ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന സ്‌കൂളുകളില്‍ ഇത്തരം ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് ജില്ലാ പഞ്ചായത്തിന്റെയും കൂടി കടമയാണ്. അതിനാല്‍ ഇത്തരം അനര്‍ഹമായ നിയമനങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി തയ്യാറാവണം. പൊതു പരീക്ഷ അടുത്തു വരുന്നതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇത് സംബന്ധിച്ച് ഭരണസമിതിയുടെ ഒരു അടിയന്തിര യോഗം വിളിച്ചുച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാന്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറിന് കത്ത് നല്‍കി.
















