കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ രണ്ട് സിപിഎമ്മുകാരെ പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നോട്ടീസും ലഘുലേഖയും കൈയില്‍ വെച്ചതിന് യുഎപിഎ ചുമത്തേണ്ട ആവശ്യമില്ലെന്നാണ് കമ്മിറ്റിയുടെ നിലപാട്.
ജനാധിപത്യ അവകാശം കവര്‍ന്നെടുക്കുന്ന ഈ നടപടി തെറ്റാണെന്നും സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി ദാസന്‍, സി.പി മുസഫര്‍ അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ഭരിക്കുന്ന പാര്‍ട്ടിയുടെ ഘടകം തന്നെ പോലീസിനെതിരെ പ്രമേയം പാസാക്കുന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും എന്നുറപ്പാണ്.
കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റിയും നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. ധൃതി പിടിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ യുഎപിഎ ചുമത്തിയതെന്ന് അവര്‍ ആരോപിച്ചിരുന്നു. കേസിന്‍റെ തുടക്കം തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെ ഇന്നലെ രാത്രിയിലാണ് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി പൊലീസ് നടപടിക്കെതിരായ പ്രമേയം പാസാക്കിയത്.
















