ഉപതെരഞ്ഞെടുപ്പിന് ശേഷം ശ്രദ്ധനേടിയ പ്രയോഗമാണ് കോന്തല. വോട്ട് ഏതെങ്കിലും സമുദായ നേതാവിന്റെ കോന്തലയിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പരിഹസിച്ചതാണല്ലൊ. അപ്രതീക്ഷിതമായി ഒരു സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുകയും രണ്ടെണ്ണം നേടുകയും ചെയ്ത സന്തോഷപ്രകടനത്തിനിടയിലാണ് പ്രയോഗം. അതിന്റെ ആഹ്ലാദം പൂര്‍ണമായും പ്രകടിപ്പിച്ച് തീരുംമുമ്പ് വാളയാറിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യമുണ്ടാക്കിയതില്‍ പ്രതിക്കൂട്ടിലാണ് മുഖ്യമന്ത്രി.
പുതിയ അഞ്ച് ജേതാക്കള്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത സഭാ സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ സഭയില്‍ കോളിളക്കമായി. രണ്ട് പിഞ്ചുപെണ്‍കുട്ടികളെ പിച്ചിച്ചീന്തിയ പ്രതികള്‍ അരിവാള്‍ പാര്‍ട്ടിക്കാരായതിനാല്‍ ഒരു ശിക്ഷയുമില്ല. കോടതിയില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ ആഭ്യന്തരവകുപ്പും നിയമവകുപ്പും ഒത്തുകളിച്ചുവെന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍. കേരളത്തിലെ ബുദ്ധിജീവികളില്‍ പലരും മൗനികളായിരിക്കുമ്പോഴും പൊതുസമൂഹത്തില്‍ നിന്നുയരുന്ന ചോദ്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. രണ്ട് ദളിത് പെണ്‍കുട്ടികളാണ് ക്രൂരമായ പീഡനത്തിനിരയായത്, ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ കൊലപാതക സാധ്യതകള്‍ വ്യക്തമായി സൂചിപ്പിച്ചിട്ടും പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പോലീസും, സിപിഎമ്മും ഗൂഢാലോചന നടത്തി എന്നാണ് വ്യക്തമാക്കുന്നത്. പ്രോസിക്യൂഷന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും സിപിഎമ്മിന്റെ ഇടപെടലുമാണ് പുറത്തുവരുന്നത്. കേസില്‍ ഹാജരാക്കിയ സാക്ഷികള്‍ സിപിഎമ്മുകാരും പ്രതികളുടെ ബന്ധുക്കളുമാണ്. സിപിഎമ്മുകാരല്ലാത്ത സാക്ഷികളെ വിസ്തരിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട് സാക്ഷികള്‍ സിപിഎമ്മുകാരാണ്. 11 മുതല്‍ 25 വരെയുള്ള സാക്ഷികള്‍ പ്രതിയുടെ ബന്ധുക്കളും. സിപിഎമ്മുകാരും, ബന്ധുക്കളുമായ സാക്ഷികളെ ഹാജരാക്കി, പ്രതികളെ രക്ഷപ്പെടുത്തുന്ന നിലപാടാണ്
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും പോലീസില്‍നിന്നും ഉണ്ടായത്.
2017 ജനുവരി 13ന് അട്ടപ്പള്ളം ശെല്‍വപുരത്തെ ഒറ്റമുറി വീട്ടില്‍ പതിമൂന്ന് വയസുള്ള മൂത്തപെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ വാളയാര്‍ പോലീസ് അറസ്റ്റുചെയ്ത പത്തുപേരില്‍ പലരും സി
പിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ്. സിപിഎം പ്രാദേശിക നേതാവും, പഞ്ചായത്ത് മെമ്പറും ഇവരെ സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ ഒരിക്കല്‍ ബലാല്‍സംഗം ചെയ്യുന്നത് നേരിട്ട് കണ്ടതായി അമ്മതന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും പ്രതികളാണ് ശരി എന്ന് സര്‍ക്കാര്‍ വക്കീല്‍ വാദിച്ചു. അതിന് പോലീസ് സാഹചര്യമൊരുക്കി.
തെളിവുകളുടെ അഭാവത്തില്‍ കേസിലെ മൂന്നാംപ്രതി പ്രദീപ്കുമാറിനെയാണ് പോക്സോ കോടതി ആദ്യം വിട്ടയച്ചത്. ആദ്യവിധിയുടെ പകര്‍പ്പ് വ്യക്തമാക്കുന്നതും അതാണ്. പ്രോസിക്യൂഷന് ഒരുതെളിവും ഹാജരാക്കാനായില്ലെന്നും കൊലപാതകമെന്നതിന് തെളിവില്ലെന്നും വ്യക്തമാക്കുന്നതാണ് കോടതിവിധി.
മൂന്നാംപ്രതി പ്രദീപിനുവേണ്ടി സിഡബ്ല്യുസി ചെയര്മാന് അഡ്വ. എന്‍. രാജേഷ് ഹാജരായി. അത് സംഭവിക്കാന്‍ പാടില്ലായിരുന്നെന്ന് മന്ത്രി ശൈലജ പറഞ്ഞിട്ടുണ്ട്. രാജേഷ് ഹാജരായിട്ടില്ലെന്നും വക്കാലത്ത് മറ്റൊരു അഭിഭാഷകനാണ് നോക്കുന്നതെന്നും പറയാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുമേല്‍ പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തി എന്നതും
പുറത്തുവന്നിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം അടിയന്തര പ്രമേയമായി വന്നത് താനൂരിലെ കൊലപാതകമാണ്. കൊല്ലപ്പെട്ടത് ലീഗുകാരനാണ്. കൊന്നത് ഞങ്ങള്‍ എന്ന മട്ടിലായിരുന്നു സ്ഥലം എംഎല്‍എയുടെ വിശദീകരണം. ലീഗ് അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന എട്ടുപേരുടെ ചിത്രവും എംഎല്‍എ ഉയര്‍ത്തിക്കാട്ടി. എട്ടുപേരെ വെട്ടിയതിന്റെ പ്രതികാരക്കൊല എന്ന് സാരം. പ്രതികാരക്കൊലയെ മുഖ്യമന്ത്രിതന്നെ പണ്ട് ന്യായീകരിച്ച സാഹചര്യത്തില്‍ എംഎല്‍എ ആ ന്യായം നിരത്തുന്നതില്‍ അത്ഭുതപ്പെടാനില്ല.
അടിയന്തര പ്രമേയം ഉന്നയിച്ച എം.കെ. മുനീറും ഏറ്റുപിടിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒരുകാര്യം പറഞ്ഞു. താനൂരില്‍ പി. ജയരാജന്റെ സാന്നിധ്യത്തിനുശേഷമാണ് കൊലപാതകം നടന്നത്. ജയരാജന് മരണത്തിന്റെ ഏജന്റാണോ എന്ന് ചോദിക്കാനും മറന്നില്ല. ജയരാജനെ കുറിച്ചുള്ള വിമര്‍ശനം കേട്ടഭാവം നടിച്ചില്ല മറുപടി നല്കിയ മുഖ്യമന്ത്രി. കൊലപാതകരാഷ്ട്രീയം വേണ്ടെന്ന നിലപാടും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ജയരാജന്റെ രക്ഷയ്ക്ക് മുഖ്യമന്ത്രി വന്നില്ലെങ്കിലും ജയരാജന് ആത്മരക്ഷാര്‍ത്ഥം ഫെയ്സ്ബുക്കിനെ ആശ്രയിച്ചു. ആര്‍എസ്എസിനെ കൂട്ടുപിടിച്ചാല്‍ നല്ല കവചമാകുമെന്നദ്ദേഹം ധരിച്ചുവശായി. ആര്‍എസ്എസ് വേട്ടയാടല്‍ പ്രതിപക്ഷം ഏറ്റെടുത്തു എന്നതാണ് ജയരാജന്റെ അവകാശവാദം.
ഇതിനിടയില്‍ പെരിയയില്‍ രണ്ട് യൂത്ത് കോണ്ഗ്രസ്സുകാര് വധിക്കപ്പെട്ടതിലെ പ്രതികളെ രക്ഷിക്കാനും സര്‍ക്കാര്‍ ശ്രമമുണ്ടായി. പ്രതികള്‍ക്കുവേണ്ടി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന് ദല്‍ഹിയില്‍നിന്നെത്തി. 25ലക്ഷം ഫീസും നല്കി. കേട്ടുകേള്‍വിയില്ല നീതിയുടെ വഴി. ആരുടെ കോന്തലയിലാണ് സര് നീതിന്യായ നിയമവകുപ്പിന്റെ താക്കോല്‍? കേരളീയര്‍ക്കുവേണ്ടി സിപിഎം ഭരിക്കുമ്പോള്‍ അത് പുറത്തെടുക്കുമോ? സാധ്യത തീരെ കാണില്ലതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: