‘ഒരു മുഹൂര്‍ത്തമാണെങ്കിലും ജ്വലിക്കുന്നതാണ് ശ്രേഷ്ഠം; ദീര്‍ഘകാലം പുകഞ്ഞിരിക്കുന്നതല്ല’ എന്ന ആപ്തവാക്യം തന്റെ ഹ്രസ്വജീവിതത്തിലൂടെ അന്വര്‍ഥമാക്കിയ വിവേകാനന്ദശിഷ്യ ഭഗിനി (സിസ്റ്റര്‍) നിവേദിതയുടെ 152-ാം ജന്മദിനമാണ് ഇന്ന്. നിവേദിതയുടെ ദേഹവിയോഗം 44-ാം വയസ്സിലായിരുന്നു.
1891ല്‍ വിംബിള്‍ഡണില്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ തന്നെ, മാര്‍ഗരറ്റ് നോബിള്‍ (സിസ്റ്റര്‍ നിവേദിതയുടെ പൂര്‍വ നാമം) അറിയപ്പെടുന്ന എഴുത്തുകാരിയായിരുന്നു. കുഞ്ഞുനാളിലേ ആത്മീയാന്വേഷിയായിരുന്നു മാര്‍ഗരറ്റ്. 1895 ല്‍ ലണ്ടനിലെത്തിയ വിവേകാനന്ദസ്വാമിജിയുടെ പ്രഭാഷണങ്ങള്‍ അവരുടെ ജീവിതത്തില്‍ വഴിത്തിരിവായി. അതോടെ ഭാരതീയ സംസ്കൃതിയില്‍ ആകൃഷ്ടയായി. ഭാരതാംബയെ സേവിക്കലാണ് തന്റെ നിയോഗമെന്ന് മാര്‍ഗരറ്റ് തിരിച്ചറിഞ്ഞു. ഭാരതത്തിലെ ക്ലേശകരമായ ജീവിത സാഹചര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താന്‍ സ്വാമിജി ശ്രമിച്ചെങ്കിലും അവര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. വൈകാതെ ഇന്ത്യയിലെത്തി.
1898 ജനുവരി 28 ന് ഇന്ത്യയിലെത്തിയ മാര്‍ഗരറ്റ് കൊല്‍ക്കത്തിയില്‍ സ്ഥിരവാസമാക്കി. തീര്‍ത്തും ലളിതമായിരുന്നു അവരുടെ ജീവിതം. ഭാരതത്തിന്റെ സംസ്ക്കാരം, ഭൂമിശാസ്ത്രം, ചരിത്രം, കലകള്‍, ശാസ്ത്രങ്ങള്‍, ഇവയെക്കുറിച്ചെല്ലാം സ്വാമിജി അവര്‍ക്ക് ക്ലാസെടുത്തിരുന്നു.
ഒരു ഹിന്ദുവിന്റെ ജീവിതരീതിയും ചിട്ടകളും ആചാരാനുഷ്ഠാനുങ്ങളും അവര്‍ നിഷ്ഠയോടെ പഠിച്ചു. ബംഗാളിലെ വിഖ്യാതമായ കാളീപൂജ അവരെ വല്ലാതെ സ്വാധീനിച്ചിരുന്നു. 1900 ല്‍ പ്രസിദ്ധീകരിച്ച നിവേദിതയുടെ ‘കാളി ദി മദര്‍’ എന്ന പുസ്തകം തര്‍ജമ ചെയ്യുവാനുള്ള നിയോഗം എനിക്കുണ്ടായപ്പോള്‍ ഹിന്ദുധര്‍മവും വിഗ്രഹാരാധനയും ശിവകാളീ സങ്കല്പങ്ങളും എത്ര സൂക്ഷ്മതയോടെയാണ് അവര്‍ ഗ്രഹിച്ചിരിക്കുന്നതെന്ന വസ്തുത മനസ്സിലാക്കാന്‍ കഴിഞ്ഞു. ആത്മീയതയുടെ നിഗൂഢതയില്‍ ആഴ്ന്നിറങ്ങി പരമസത്യം ദര്‍ശിക്കുവാനുള്ള അവരുടെ അവബോധം വിസ്മയിപ്പിക്കുന്നതാണ്. ‘ശിവദര്‍ശനം’ എന്ന രണ്ടാം അധ്യായത്തില്‍ ശിവനെയും കാളിയേയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കാളിയെ അമ്മയായും ബ്രഹ്മമയിയായും അവര്‍ ദര്‍ശിച്ചു. ‘കാളീവിഗ്രഹം ഒരു പ്രതിഷ്ഠാചിത്രമല്ല, നമ്മുടെ ജീവിതത്തില നിഗൂഢ ഉള്‍ഭാഷിതങ്ങളാണ്’ എന്നാണവര്‍ പറഞ്ഞിരിക്കുന്നത്.
ബ്രഹ്മസമാജക്കാരുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ കാളിയെക്കുറിച്ച് ഒരു പ്രഭാഷണം നടത്തണമെന്ന് വിവേകാനന്ദ സ്വാമിജി നിവേദിതയോട് ആവശ്യപ്പെട്ടു. നിവേദിതയുടെ പ്രഭാഷണം കഴിഞ്ഞപ്പോള്‍ സ്വാമിജിയും സന്നിഹിതനായിരുന്ന ആ സദസ്സില്‍ നിര്‍ത്താതെ കരഘോഷമുയര്‍ന്നു.
ഒരു കാളീപൂജാ ദിനത്തിലാണ് നിവേദിത കല്‍ക്കത്തയിലെ ബാഗ്ബസാറില്‍ പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ സ്കൂള്‍ ശ്രീ ശാരദാദേവി ഉദ്ഘാടനം ചെയ്തത്. സ്കൂള്‍ നടത്തിക്കൊണ്ടു പോകാന്‍ അവര്‍ ഏറെ ക്ലേശിച്ചു. ഭാരതീയ സംസ്കൃതിയില്‍ അധിഷ്ഠിതമായിരുന്നു അവിടുത്തെ പാഠ്യക്രമം. ‘വന്ദേമാതരം’ ബ്രിട്ടീഷുകാര്‍ നിരോധിച്ചിട്ടും നിവേദിതയുടെ സ്കൂളില്‍ അത് പാടുമായിരുന്നു. സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും വിധവകള്‍ക്ക് വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്കുന്നതില് അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.
ശാരദാദേവിയെ കണ്ടുമുട്ടിയ ദിനത്തെക്കുറിച്ച് നിവേദിത ഡയറിയില്‍ കുറിച്ചിട്ടു. അവര്‍ തമ്മിലുള്ള സ്നേഹബന്ധത്തിന് ഭാഷ ഒരു തടസ്സമായിരുന്നില്ല. നിവേദിത പിന്നീട് ബംഗാളി ഭാഷ പഠിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലും നിവേദിതയുടെ നിസ്തുല സേവനങ്ങള്‍ കാണാം. സമൂഹ്യസേവനത്തിലും ദൃശ്യമായിരുന്നു അവരുടെ ആത്മാര്‍പ്പണം. കല്‍ക്കത്തയില്‍ പ്ലേഗ് പടര്‍ന്നപ്പോള്‍ രോഗികളെ ഒരു മടിയും കൂടാതെ അവരുടെ വീടുകളിലെത്തി നിവേദിത പരിചരിച്ചു.
1902 ജനുവരിയില്‍ വിവേകാനന്ദ സ്വാമിജി തന്റെ എല്ലാ ശക്തികളും നിവേദിതയ്ക്ക് പകരുന്നതായി എഴുതി. ‘നരന്റെ പുത്രി’ എന്ന് ഗോപാല്‍ മാ വിശേഷിപ്പിച്ച നിവേദിത, സ്വാമിജി സമാധിയായപ്പോള്‍ തളര്‍ന്നില്ല. സ്വാമിജി പകര്‍ന്നു നല്കിയ ആദര്‍ശങ്ങളിലൂടെ അവര്‍ മുന്നേറി.
ഇന്ത്യ സ്വാതന്ത്ര്യം നേടണമെന്നത് നിവേദിതയുടെ വലിയ ആഗ്രഹമായിരുന്നു. ബംഗാള്‍ വിഭജനത്തില്‍ ലോര്‍ഡ് കഴ്സണെതിരെ അവര്‍ ധീരമായി പ്രതികരിച്ചു. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ അതികായന്മാര്ക്കൊപ്പം സഞ്ചരിച്ചും പ്രസംഗിച്ചും ലേഖനങ്ങള്‍ എഴുതിയും ഇന്ത്യയുടെ മോചനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ചു.
ജഗദീഷ് ചന്ദ്രബോസിന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യനാടുകളില്‍ അവതരിപ്പിച്ച് അംഗീകാരം നേടുന്നതിന് താങ്ങും തണലുമായിരുന്നു നിവേദിത. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് സ്ഥാപിക്കുന്നതിലും അവരുടെ സുദീര്‍ഘ പരിശ്രമങ്ങളുണ്ടായിരുന്നു.
കഠിനപരിശ്രമം കൊണ്ട് അവരുടെ ആരോഗ്യ നില മോശമായി. തുടര്‍ന്ന് 1911 ല്‍ ബോസ് ദമ്പതികളോടാപ്പം അവര്‍ ഡാര്‍ജിലിങ്ങിലേക്ക് പോയി. ഒക്ടോബര്‍ 11 ന് ആ ത്യാഗോജ്ജ്വല ജീവിതത്തിന് അന്ത്യമായി. സ്വാമിജി നല്കിയ ‘നിവേദിത'( സമര്‍പ്പിത) എന്ന നാമം 13 വര്‍ഷത്തിനുള്ളില്‍ അവര്‍ അന്വര്‍ഥമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: