റാഞ്ചി: ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഓസീസ് റണ്‍മെഷീന്‍ സ്റ്റീവ് സ്മിത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കക്കെതിരെ നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ മിന്നുന്ന പ്രകടനം ആവര്‍ത്തിച്ചാല്‍ കോഹ്‌ലി ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരും.
പൂനെയിലെ രണ്ടാം ടെസ്റ്റില്‍ കരിയറിലെ തന്റെ ഉയര്‍ന്ന സ്‌കോര്‍ (254 നോട്ടൗട്ട്) കുറിച്ച കോഹ്‌ലി നിലവില്‍ ലോക റാങ്കില്‍ സ്മിന് തൊട്ടു പിന്നിലാണ്. സ്മിത്ത് 937 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത്. 936 പോയിന്റുമായി കോഹ്‌ലി രണ്ടാം സ്ഥാനത്തും. കഴിഞ്ഞ മാസമാണ് സ്മിത്ത് കോഹ്‌ലിയെ പിന്നിലാക്കി ഒന്നാം റാങ്കിലെത്തിയത്. ആഷസ് പരമ്പരയിലെ മികച്ച പ്രകടനമാണ് സ്മിത്തിന്റെ റാങ്ക് ഉയര്‍ത്തിയത്.
കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയുടെ മികവില്‍ രണ്ടാം ടെസ്റ്റും വിജയിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലാണ്. റാഞ്ചിയിലെ മൂന്നാം ടെസ്റ്റിലും വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
മൂന്നാം ടെസ്റ്റില്‍ സെഞ്ചുറി കുറിച്ചാല്‍ മറ്റൊരു റെക്കോഡ് കൂടി കോഹ്‌ലിക്ക് സ്വന്തമാകും. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ രണ്ടാമത്തെ താരമാകും. നിലവില്‍ കോഹ്‌ലി 19 സെഞ്ചുറികളുമായി ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനൊപ്പമാണ്. ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്താണ് ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കുടുതല്‍ സെഞ്ചുറി നേടിയ താരം. 25 സെഞ്ചുറികളാണ് ഗ്രേം സ്മിത്ത് നേടിയിട്ടുള്ളത്.
















